ഗ്രഹാം സ്റ്റെയിൻസും കുടുംബവും 

'ജയ് ശ്രീറാം വിളികളോടെ ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ജീവനോടെ കത്തിച്ചു'; ആ കൊടും ക്രൂരതക്ക് ഇന്നേക്ക് 25 വർഷം

1999 ജനുവരി 22 അർധരാത്രി. ഒഡിഷയിലെ കിയോഞ്ജര്‍ ജില്ലയിലെ മനോഹര്‍പൂർ ഗ്രാമത്തിൽ വെച്ച് ആസ്ട്രേലിയൻ പൗരനും മിഷണറി പ്രവർത്തകനുമായ ഗ്രഹാം സ്റ്റെയിൻസിനെയും (58) ഒമ്പതും ഏഴും വയസുള്ള മക്കളെയും തീവ്രഹിന്ദുത്വ വാദികൾ ജീവനോടെ കത്തിച്ച ദിവസമാണത്. ജയ് ശ്രീറാം വിളികളോടെയെത്തിയ അക്രമികൾ വാഹനത്തിൽ ഉറങ്ങുകയായിരുന്ന മൂവരെയും പുറത്തിറങ്ങാൻ അനുവദിക്കാതെ കത്തിക്കുകയായിരുന്നു. ആസ്‌ട്രേലിയന്‍ മിഷണറിയായിരുന്ന ഗ്രഹാം സ്‌റ്റെയിന്‍സിനേയും മക്കളായ ഫിലിപ്പിനെയും തിമോത്തിയെയും മതപരിവർത്തനം ആരോപിച്ചാണ് ബജ്രംഗ്ദൾ നേതൃത്വത്തിലുള്ള ഹിന്ദുത്വ അക്രമികൾ ചുട്ടുകൊന്നത്.

ഒഡിഷയിലെ ആദിവാസികൾക്കിടയിലും കുഷ്ഠരോഗികൾക്കിടയിലും ആശ്വാസപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നു ഗ്രഹാം സ്റ്റെയിൻസ്. 35 വർഷത്തോളം ഇവർ പ്രവർത്തനങ്ങൾ തുടർന്നു. ഇവാഞ്ചലിക്കൽ മിഷനറി സൊസൈറ്റി മയൂർഭഞ്ജിൽ സ്ഥാപിച്ച കുഷ്ഠരോഗ കേന്ദ്രവുമായി ബന്ധപ്പെട്ട് 1965ൽ തന്‍റെ 24ാം വയസ്സിലാണ് ഗ്രഹാം സ്റ്റെയിൻസ് ആശ്വാസപ്രവർത്തനങ്ങളിലേർപ്പെട്ടത്. ഒഡിഷക്ക് പുറമേ പശ്ചിമബംഗാൾ, ഇന്നത്തെ ഝാർഖണ്ഡ് മേഖലകളിൽ നിന്നുള്ളവരും കുഷ്ഠരോഗ കേന്ദ്രത്തിൽ ചികിത്സയും പുനരധിവാസവും തേടിയെത്തി. 


എന്നാൽ, ആദിവാസികളെ നിർബന്ധിതമായി മതപരിവർത്തനത്തിന് വിധേയമാക്കുന്നു എന്നായിരുന്നു ഗ്രഹാം സ്റ്റെയിൻസിനെതിരെ ഹിന്ദുത്വ വാദികൾ ആരോപിച്ചിരുന്നത്. 1999 ജനുവരി 22ന് രാത്രി മനോഹർപൂരിലെ ഒരു ജംഗിൾ ക്യാമ്പിൽ പങ്കെടുക്കുന്നതിന് വേണ്ടി ഗ്രഹാം സ്റ്റെയിൻസും കുടുംബവും സഞ്ചരിക്കുന്നതിനിടെയാണ് ആക്രമണത്തിന് ഇരയാകുന്നത്. ഭാര്യ ഗ്ലാഡിസും മകൾ എസ്തറും സംഭവ സമയത്ത് ഇവരുടെ കൂടെ ഉണ്ടായിരുന്നില്ല.

 

യാത്രക്കിടെ വാഹനം നിർത്തി അൽപ്പം മയങ്ങിയതായിരുന്നു ഗ്രഹാം സ്റ്റെയിൻസും മക്കളും. വണ്ടിയിൽ ഗ്രഹാം സ്റ്റെയിൻസ് ആണെന്നറിഞ്ഞ ഹിന്ദുത്വവാദികൾ ബജ്രംഗ്ദൾ നേതാവ് ധാരാ സിങ്ങിന്‍റെ നേതൃത്വത്തിൽ സംഘടിച്ചെത്തി. മക്കളുമായി രക്ഷപ്പെടാൻ ഗ്രഹാം സ്റ്റെയിൻസ് ശ്രമിച്ചെങ്കിലും അതിന് അനുവദിക്കാത്ത അക്രമികൾ ജയ് ശ്രീറാം വിളികളോടെ മൂവരെയും കാറിലിട്ട് കത്തിക്കുകയായിരുന്നു.

ഗ്രഹാം സ്റ്റെയിൻസിന്‍റെയും മക്കളുടെയും കൊലപാതകം വൻ വിവാദമായി. വ്യാപക പ്രതിഷേധമുയർന്നു. ഗ്രഹാം സ്റ്റെയിന്‍സിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ധാര സിങ്ങിനെ മാത്രമാണ് കോടതി ശിക്ഷിച്ചത്. മറ്റ് 11 കൂട്ടുപ്രതികളെ കോടതി വെറുതെ വിട്ടു. 2003ലാണ് ധാരാ സിങ്ങിനെ വിചാരണക്കോടതി തൂക്കിക്കൊല്ലാൻ വിധിച്ചത്. 2005ൽ ഒറീസ ഹൈകോടതി ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. 2011 ജനുവരി 21-ന് ഹൈകോടതി വിധി സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു.

 

ഭര്‍ത്താവിന്‍റെയും മക്കളുടെയും ഹീനമായ കൊലപാതകത്തിന് സാക്ഷിയായ ഗ്രഹാം സ്റ്റെയിന്‍സിന്‍റെ ഭാര്യ ഗ്ലാഡീസ് ആസ്ട്രേലിയയിലേക്ക് പോയെങ്കിലും പിന്നീട് ഇന്ത്യയിലേക്ക് തന്നെ തിരിച്ചുവന്നു. കുഷ്ഠരോഗ സേവാ കേന്ദ്രത്തിന്‍റെ നേതൃത്വം ഏറ്റെടുക്കുകയും 2005-ല്‍ ഗ്രഹാം സ്റ്റെയിന്‍സ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സ്ഥാപിക്കുകയും ചെയ്തു. 2005ൽ രാജ്യം പദ്മശ്രീ പുരസ്കാരം നൽകി അവരെ ആദരിച്ചു. ഭര്‍ത്താവ് തുടങ്ങിവച്ച കുഷ്ഠരോഗികളെ ശുശ്രൂഷിക്കുക എന്ന കര്‍ത്തവ്യം ഇന്നും അവര്‍ ഈ രാജ്യത്ത് തുടരുന്നു. 

Tags:    
News Summary - Twenty-Five Years Ago, a Murder Most Foul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.