അഹമ്മദാബാദ്: ബക്രീദ് ആഘോഷിച്ചതിൽ ക്ഷമ ചോദിച്ച് ഗുജറാത്തിലെ രണ്ട് സ്കൂളുകൾ. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയതിൽ ക്ഷമചോദിക്കുന്നുവെന്നാണ് സ്കൂൾ മാനേജ്മെന്റുകൾ വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് സ്കൂളുകളും ക്ഷമ ചോദിച്ചുവെങ്കിലും ഇവയിൽ ഒന്നിനെതിരെ പ്രാദേശിക അധികാരികൾ അന്വേഷണം നടത്തുന്നുണ്ട്.
വിശ്വഹിന്ദു പരിഷത് വൻ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് വടക്കൻ ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ പ്രീ സ്കൂൾ ക്ഷമാപണം എഴുതി നൽകുകയായിരുന്നു. മാനേജ്മെന്റും രക്ഷിതാക്കളും തമ്മിൽ ചർച്ച ചെയ്ത് പ്രശ്നം പരിഹരിച്ചുവെന്നാണ് ഇതുസംബന്ധിച്ച് പൊലീസിന്റെ പ്രതികരണം.
തങ്ങൾ നടത്തിയ ബക്രീദ് ആഘോഷം ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് മനസിലാക്കുന്നു. ആരുടെയും മതവികാരം വ്രണപ്പെടുത്താനല്ല ആഘോഷം സംഘടിപ്പിച്ചത്. ഞങ്ങളും ഹിന്ദുമതത്തിൽ വിശ്വസിക്കുന്നവരാണ്. ഇത് അവസാന തെറ്റായി കണ്ട് ക്ഷമിക്കണമെന്നാണ് പറയാനുള്ളതെന്ന് സ്കൂളുകളിലൊന്നായ കിഡ്സ് കിങ്ഡമിന്റെ മാനേജർ രാസി ഗൗതം എഴുതിയ കത്തിൽ പറയുന്നു. അതേസമയം, ഇതിന് മുമ്പും ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും ആദ്യമായാണ് പ്രതിഷേധമുണ്ടാകുന്നതെന്നുമാണ് ഗൗതമിന്റെ പ്രതികരണം.
വിവാദത്തിലപ്പെട്ട മറ്റൊരു സ്കൂളായ പേളിനെതിരെ ഡി.ഇ.ഒ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥികളെ നിർബന്ധിച്ച് നിസ്കാരം നടത്താൻ പ്രേരിപ്പിക്കുന്നുവെന്നായിരുന്നു സ്കൂളിനെതിരെ വി.എച്ച്.പിയുടെ പരാതി. എന്നാൽ, ഒരു സ്കിറ്റിന്റെ ഭാഗമായി പുറത്തുവന്ന വിഡിയോ ഉപയോഗിച്ചാണ് വി.എച്ച്.പി പ്രചാരണമെന്നും തങ്ങളുടെ പ്രവൃത്തി ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമചോദിക്കുകയാണെന്നും മാനേജർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.