ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധ പിടിവിട്ട് കുതിക്കുന്ന സാഹചര്യത്തിൽ പല സംസ്ഥാനങ്ങളും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നടപ്പിൽ വരുത്തുകയാണ്. വകഭേദം സംഭവിച്ച വൈറസ് വ്യാപനം കാരണം രോഗബാധിതരിൽ പുതിയ പല രോഗ ലക്ഷണങ്ങളും കാണിക്കുന്നുണ്ട്.
സാധാരാണയായി പനി, ശരീരവേദന, രുചിയും മണവും നഷ്ടപ്പെടൽ, ശ്വസനസംബന്ധമായ പ്രശ്നങ്ങൾ എന്നിവയാണ് കോവിഡ് ലക്ഷണങ്ങളായി കണക്കാക്കിയിരുന്നത്.
പകുതിയിലധികം കോവിഡ് ബാധിതരിൽ ഇതുവരെ കണ്ടുവരാത്ത രോഗലക്ഷണങ്ങളാണ് കാണുന്നതെന്നാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ സൂചിപ്പിക്കുന്നത്.
വായ വരണ്ടുണങ്ങുന്നതാണ് ഇതിൽ പ്രധാനമായി പറയുന്നത്. വായിൽ ഉമിനീർ ഉദ്പാദിപ്പിക്കാത്ത അവസ്ഥയാണ് 'ക്സീറോസ്റ്റോമിയ'. ഇത് വായ് വരണ്ടു പോകുവാൻ കാരണമാകുന്നു. ഉമിനീരിന്‍റെ ഘടനയിലെ മാറ്റമോ അല്ലെങ്കിൽ ഉമിനീർ ഒഴുക്ക് കുറയുന്നതോ ഇതിന് കാരണമാകാം.
കോവിഡ് ബാധയുടെ പ്രാരംഭ ഘട്ടത്തിലാണ് ഈ ലക്ഷണം കണ്ടുവരുന്നത്. ഇതിന് ശേഷമാകും മറ്റ് ലക്ഷണങ്ങളായ പനിയും തൊണ്ടവേദനയുമെല്ലാം അനുഭവപ്പെടുക.
വരണ്ട നാവാണ് പുതിയ കോവിഡ് ലക്ഷണങ്ങളിൽ രണ്ടാമത്തേത്. ഇക്കാലയളവിൽ നാവ് വെള്ള നിറമായി മാറുന്നു. ചിലപ്പോൾ നാവിൽ വെളുത്ത നിറത്തിലുള്ള കുത്തുകൾ പ്രത്യക്ഷപ്പെടും. ഈ ലക്ഷണങ്ങൾ കണ്ടുവരുന്ന ആളുകൾക്ക് ഭക്ഷണം കഴിക്കാൻ പ്രയാസമുണ്ടാകും. ഉമിനീർ കുറവായതിനാൽ തന്നെ ഭക്ഷണം ചവച്ചരച്ച് കഴിക്കാൻ സാധിക്കില്ല. സാധാരണ നിലയിൽ സംസാരിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടും.
ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്ന് ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ഉടൻ തന്നെ അടിയന്തിരമായി ചികിത്സ തേടേണ്ടതാണ്. ഇത് വൈറസ് വ്യാപനം തടയാൻ സാധിക്കും.
ഇതിനിടെ ഞായറാഴ്ച രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 2,61,500 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന രോഗബാധയാണ്.
24 മണിക്കൂറിനിടെ 1501 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. തുടർച്ചയായി നാലാം ദിവസമാണ് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രണ്ടുലക്ഷം കടന്നത്. രണ്ടാഴ്ചക്കിടെ 12 ലക്ഷം പേരാണ് രോഗബാധിതരായത്. മഹാരാഷ്ട്രയിലാണ് (419) ഏറ്റവും കൂടുതൽ പേർ രോഗം ബാധിച്ച് മരിച്ചത്. ഡൽഹിയിൽ 167 പേർ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.