ന്യൂഡൽഹി/ജയ്പുർ: രാജസ്ഥാനിലെ ഉദയ്പൂരിൽ തയ്യൽക്കാരൻ കനയ്യ ലാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിലൊരാൾക്ക് ബി.ജെ.പി നേതാക്കളുമായി ബന്ധമുണ്ടെന്ന ചിത്രങ്ങൾ പുറത്തായതോടെ പാർട്ടി പ്രതിരോധത്തിൽ. പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി നേതാവ് നൂപുർ ശർമയെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനാണ് പട്ടാപ്പകൽ കനയ്യലാലിനെ കടയിൽകയറി റിയാസ് അഖ്തരിയും ഗൗസ് മുഹമ്മദും കഴുത്തറുത്ത് കൊന്നത്.
റിയാസ് അഖ്തരി ബി.ജെ.പി നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങളാണ് ആദ്യം പുറത്തുവന്നത്. ഇതിന് പിന്നാലെ രണ്ടുവർഷം മുമ്പ് ആർ.എസ്.എസ് പ്രാദേശിക നേതാവ് റിയാസിനെ 'ബി.ജെ.പിയുടെ ആത്മാർഥതയുള്ള പ്രവർത്തകൻ' എന്ന് വിശേഷിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റും പുറത്തുവന്നു.
എന്നാൽ, നേതാക്കളോടൊപ്പം ചിത്രമെടുത്തതുകൊണ്ടു മാത്രം പാർട്ടി പ്രവർത്തകനാകില്ല എന്നാണ് രാജസ്ഥാൻ ബി.ജെ.പി ന്യൂനപക്ഷ മോർച്ചയുടെ വിശദീകരണം. റിയാസ് അഖ്തരി ബി.ജെ.പി അംഗമാണെന്ന കോൺഗ്രസ് ആരോപണം ബി.ജെ.പി ന്യൂനപക്ഷമോർച്ച നിഷേധിച്ചു. അശോക് ഗെഹ് ലോട്ട് സർക്കാറിന്റെ പരാജയം മറച്ചുവെക്കാൻ ജനശ്രദ്ധ തിരിച്ചുവിടാനാണ് കോൺഗ്രസ് ഈ ആരോപണം ഉന്നയിക്കുന്നതെന്ന് പ്രസിഡന്റ് മുഹമ്മദ് സാദിഖ് ഖാൻ പറഞ്ഞു.
രാജസ്ഥാൻ ബി.ജെ.പി ന്യൂനപക്ഷ മോർച്ചയുടെയും ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെയും മുൻനിര പ്രവർത്തകരായ ഇർഷാദ് ചെയിൻവാലയുടെയും മുഹമ്മദ് താഹിറിന്റെയും ഫേസ്ബുക്ക് പേജിലാണ് റിയാസ് അഖ്തരി, നിയമസഭയിലെ ബി.ജെ.പി നേതാവ് ഗുലാബ് ചന്ദ് കട്ടാരിയ, ഉദയ്പൂരിലെ മുതിർന്ന നേതാവ് രവീന്ദ്ര ശ്രീമാലി എന്നിവരോടൊപ്പം നിൽക്കുന്ന ചിത്രമുള്ളത്.
ബി.ജെ.പി ഷാളിട്ട അഖ്തരിയെ ചെയിൻവാലയും താഹിറും മാലയിട്ട് സ്വീകരിക്കുന്ന മറ്റൊരു ചിത്രവുമുണ്ട്. 'ഇന്ത്യ ടുഡേ'യാണ് വെള്ളിയാഴ്ച പ്രതിയുടെ ബി.ജെ.പി നേതാക്കളോടൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവിട്ടത്. റിയാസ് അഖ്തരിയെ അറിയാമെന്നും ഇയാളോടൊപ്പം ചിത്രമെടുത്തതായും പാർട്ടി ന്യൂനപക്ഷ മോർച്ച നേതാവ് ഇർഷാദ് ചെയിൻവാല സമ്മതിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു.
റിയാസ് ബി.ജെ.പി ചടങ്ങുകളിൽ സ്ഥിരമായി പങ്കെടുത്തിരുന്നതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഉദയ്പൂരിലെ ബി.ജെ.പി ന്യൂനപക്ഷ മോർച്ച പ്രവർത്തകൻ മുഹമ്മദ് താഹിറിന്റെ 2019 നവംബർ 28ലെ ഫേസ്ബുക്ക് പോസ്റ്റിൽ അഖ്തരിയെ ബി.ജെ.പി പ്രവർത്തകനെന്ന് വിശേഷിപ്പിച്ചിരുന്നു. 2019 ഫെബ്രുവരി മൂന്നിനുള്ള താഹിറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടിൽ ഉദയ്പൂരിലെ ബി.ജെ.പി തലവൻ രവീന്ദ്ര ശ്രീമാലിയെ അനുമോദിക്കുന്ന ചിത്രത്തിലും ഇർഷാദ് ചെയിൻവാലയോടൊപ്പം റിയാസ് അഖ്തരിയുണ്ട്. എന്നാൽ, അഖ്തരിയെ അറിയില്ലെന്നും ഏത് അന്വേഷണത്തിനും തയാറാണെന്നും ശ്രീമലി ഓൺലൈൻ വെബ്പോർട്ടലായ ദി വയറിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.