ഷിൻഡെ പ​ങ്കെടുത്ത പരിപാടിയുടെ വേദിയിൽ ഗോമൂത്രം തളിച്ച് ഉദ്ധവ് അനുയായികൾ

മുംബൈ: ശിവസേനയിലെ വിഭാഗീയത സംഘർഷത്തിലേക്ക് നീങ്ങുന്നതിനിടെ മഹാരാഷ്ട്രയിലെ ഔറംഗബാദിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പ​ങ്കെടുത്ത പരിപാടിയുടെ വേദിയിൽ ഉദ്ധവ് താക്കറെയുടെ അനുയായികൾ ഗോമൂത്രം തളിച്ചു. ഔറംഗബാദിലെ ബിഡ്കിനിലാണ് സംഭവം. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പാത്രത്തിൽ കൊണ്ടുവന്ന ഗോമൂത്രം നാരങ്ങ ഇലകൾ ഉപയോഗിച്ചാണ് വഴിയിലടക്കം തളിക്കുന്നത്.

ശിവസേനയിലെ ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ച പശ്ചാത്തലത്തിലാണ് പുതിയ പ്രതിഷേധം. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാറിൽനിന്ന് ശിവസേനയിലെ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗം പുറത്തുപോവുകയും സർക്കാർ വീഴുകയും ചെയ്തതോടെയാണ് ഇരു വിഭാഗങ്ങളും തമ്മിൽ ശത്രുത ഉടലെടുത്തത്.

മുംബൈയിലെ ദാദറിൽ ശനിയാഴ്ച രാത്രി ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ ഇരുവിഭാഗങ്ങളിലെയും അനുയായികൾ ഏറ്റുമുട്ടിയിരുന്നു. ആദ്യം പ്രഭാദേവിയിലും പിന്നീട് ദാദർ പൊലീസ് സ്‌റ്റേഷന് പുറത്തുമാണ് ഏറ്റുമുട്ടൽ അരങ്ങേറിയത്. ദാദറിലെ സംഘർഷത്തിനിടെ വെടിയുതിർത്തതിന് ഷിൻഡെ ക്യാമ്പിൽ നിന്നുള്ള സേന എം.എൽ.എ സദാ സർവങ്കറിനെതിരെ കേസെടുത്തിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് താക്കറെ ക്യാമ്പിലെ അഞ്ച് സേന പ്രവർത്തകരെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇരുഭാഗത്തുമുള്ള 10 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

താക്കറെയുടെയും ഷിൻഡെയുടെയും നേതൃത്വത്തിലുള്ള വിഭാഗങ്ങൾ ശിവസേനയുടെ നിയന്ത്രണത്തിനായി സുപ്രീം കോടതിയിൽ നിയമ പോരാട്ടം തുടരുകയാണ്.

Tags:    
News Summary - Uddhav's followers sprinkled cow urine on the stage of the program attended by Shinde

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.