പട്ന: അഗ്നിപഥ് പദ്ധതി നടപ്പാകുന്നതോടെ സേനയിൽ സ്ഥിരജോലിയെന്ന തങ്ങളുടെ സ്വപ്നം ഇല്ലാതാകുമെന്ന് ബിഹാറിലെ ഉദ്യോഗാർഥികൾ. രാജ്യത്തെ തൊഴിൽരഹിതരായ യുവാക്കളുടെ വേദന കേന്ദ്രം മനസ്സിലാക്കണമെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത വികാസ് രഞ്ജൻ പറഞ്ഞു. ഏഴുമാസമായി മത്സര പരീക്ഷകൾക്ക് തയാറെടുക്കുകയാണ് പട്ന കോളജിൽനിന്ന് ബിരുദം നേടിയ ഇദ്ദേഹം. സൈന്യത്തിലെ കരാർ നിയമനത്തിനെതിരെ പ്രതിഷേധം തുടങ്ങിയത് ബിഹാറിലാണ്.
തെരഞ്ഞെടുപ്പിൽ ജയിക്കുമെങ്കിലും യുവാക്കളുടെ വിശ്വാസ്യത നേടുന്നതിൽ എൻ.ഡി.എ പരാജയപ്പെട്ടതായി മറ്റൊരു ഉദ്യോഗാർഥിയായ അഭിഷേക് സിങ് പറഞ്ഞു. രാജ്യസുരക്ഷക്ക് യുവാക്കളെ കരാറടിസ്ഥാനത്തിൽ സർക്കാർ എങ്ങനെയാണ് നിയമിക്കുകയെന്ന് പട്ന സർവകലാശാലയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ഹർഷിത് ഭരദ്വാജ് ചോദിക്കുന്നു. സമരം അക്രമാസക്തമായതിനെത്തുടർന്ന് ബിഹാറിൽ 250 പേരെ അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്ത് തൊഴിൽരഹിതർ 21 കോടിയാണെങ്കിൽ ബിഹാറിൽ ഇത് രണ്ടുകോടിയോളം വരുമെന്ന് പട്നയിലെ എ.എൻ. സിൻഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സ്റ്റഡീസിലെ അസി. പ്രഫ. വിദ്യാർഥി വികാസ് പറഞ്ഞു. വിദ്യാർഥികൾ ജോലി ചോദിക്കുമ്പോൾ അവർക്ക് സർക്കാർ റിട്ടയർമെന്റ് പദ്ധതിയാണ് വാഗ്ദാനംചെയ്യുന്നത്. അഗ്നിപഥ് പദ്ധതി ഉടൻ പിൻവലിക്കണം. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചുവരുന്നുവെന്ന യാഥാർഥ്യം സർക്കാർ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.
ബിഹാറിൽ വൻകിട വ്യവസായങ്ങളില്ലാത്തതിനാൽ യുവാക്കൾ സർക്കാർ ജോലിയാണ് ആശ്രയിക്കുന്നതെന്ന് തിൽക മഞ്ജി ഭഗൽപുർ സർവകലാശാല സോഷ്യോളജി വകുപ്പ് മുൻ തലവൻ ഉമേഷ് കുമാർ പറഞ്ഞു. ഇത് തൊഴിൽ സുരക്ഷിതത്വവും മാന്യമായ വരുമാനവും ഉറപ്പുതരുന്നുണ്ട്. രാജ്യത്ത് ഏറ്റവും കുറഞ്ഞ വരുമാനം ബിഹാറിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.