മുംബൈ: കേന്ദ്ര സർക്കാറിനുവേണ്ടി ദേശീയ കുടുംബാരോഗ്യമടക്കമുള്ള സർവേകൾ നടത്തുന്ന ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ് (ഐ.ഐ.പി.എസ്) ഡയറക്ടർ മലയാളിയായ ഡോ. കെ.എസ്. ജെയിംസിനെ കേന്ദ്ര ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു. അച്ചടക്കനടപടിയുടെ ഭാഗമായാണ് നടപടിയെന്നാണ് ഉത്തരവിൽ പറയുന്നത്. ഒരാഴ്ചമുമ്പ് രാജിവെക്കാൻ ഡോ. ജെയിംസിന് സമ്മർദമുണ്ടായെങ്കിലും കാരണം വ്യക്തമാക്കാത്തതിനാൽ അദ്ദേഹം തയാറായില്ലെന്നാണ് വിവരം. തുടർന്ന് വെള്ളിയാഴ്ചയാണ് സസ്പെൻഷൻ ഉത്തരവ് നൽകിയത്.
ഐ.ഐ.പി.എസ് നടത്തിയ അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സർവേയിലെ ഡേറ്റകൾ തങ്ങളുടെ അവകാശവാദങ്ങൾക്ക് എതിരായതാണ് കേന്ദ്രത്തെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ശൗചാലയങ്ങൾ, പാചകവാതകം, വിളർച്ച (അനീമിയ) തുടങ്ങിയവയുമായി ബന്ധപ്പെട്ട സർവേഫലം കേന്ദ്രത്തിന്റെ അവകാശവാദത്തിന് വിരുദ്ധമാണ്.
രാജ്യത്തെ 19 ശതമാനം വീടുകളിലും കക്കൂസ് ഉപയോഗമില്ലെന്നും ഒരു സംസ്ഥാനത്തെയും ലക്ഷദ്വീപ് ഒഴികെ കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഴുവൻ വീടുകളിലും ശൗചാലയങ്ങളില്ലെന്നും സർവേ പറയുന്നു. ഇത് തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസർജനം രാജ്യത്തുനിന്ന് തുടച്ചുനീക്കിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദങ്ങളെ പൊളിക്കുന്നതാണ്. രാജ്യത്തെ 40 ശതമാനത്തിലധികം കുടുംബങ്ങൾക്ക് ശുദ്ധമായ പാചക ഇന്ധനം ലഭ്യമല്ലെന്നും ഗ്രാമപ്രദേശങ്ങളിൽ ജനസംഖ്യയിൽ പകുതിയിലേറെ പേർക്കും പാചകവാതകം ലഭ്യമല്ലെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് വിളർച്ച കൂടിവരുന്നുവെന്നും സർവേ പറയുന്നു.
2018ലാണ് മുംബൈ ആസ്ഥാനമായ ഐ.ഐ.പി.എസിന്റെ ഡയറക്ടറായി ജെയിംസ് ചുമതലയേറ്റത്. ഹാർവാഡ് സെന്റർ ഫോർ പോപുലേഷൻ ആൻഡ് ഡെവലപ്മെന്റിൽനിന്ന് പോസ്റ്റ് ഡോക്ടറൽ ബിരുദം നേടിയ ജെയിംസ് മുമ്പ് ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ജനസംഖ്യാ പഠനവിഭാഗം പ്രഫസറായിരുന്നു.
1. വെളിയിട മലമൂത്ര വിസർജനം: ലക്ഷദ്വീപ് ഒഴികെ ഇന്ത്യയിൽ ഒരൊറ്റ സംസ്ഥാനത്തും കേന്ദ്രഭരണ പ്രദേശത്തും മുഴുവൻ വീടുകളിലും കക്കൂസ് സൗകര്യമില്ല. രാജ്യത്തെ 19% വീടുകളിലും കക്കൂസ് ഉപയോഗം ഇല്ലെന്ന് കണ്ടെത്തി. എന്നാൽ, തുറസ്സായ സ്ഥലങ്ങളിലെ മലമൂത്രവിസർജ്ജനം രാജ്യത്തുനിന്ന് നിർമാർജനം ചെയ്തുവെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ അവകാശപ്പെട്ടിരുന്നത്.
2. പാചകവാതകം: രാജ്യത്തെ 40 ശതമാനത്തിലധികം കുടുംബങ്ങൾക്ക് ശുദ്ധമായ പാചക ഇന്ധനം ലഭ്യമല്ലെന്ന് ദേശീയ കുടുംബാരോഗ്യ സർവേ കണ്ടെത്തിയിരുന്നു. ഇത് കേന്ദ്രസർക്കാർ ഉജ്ജ്വല യോജനയുടെ അവകാശവാദങ്ങളെ ചോദ്യം ചെയ്തു. ഗ്രാമപ്രദേശങ്ങളിൽ ജനസംഖ്യയുടെ പകുതിയിലധികം പേർക്ക് എൽ.പി.ജിയോ പ്രകൃതിവാതകമോ ലഭ്യമല്ലെന്നാണ് സർവേ വ്യക്തമാക്കിയത്.
3. വിളർച്ച വർധിക്കുന്നു: ഇന്ത്യയിൽ അനീമിയ (വിളർച്ച) വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ദേശീയ കുടുംബാരോഗ്യ സർവേ വ്യക്തമാക്കിയിരുന്നു. അനീമിയ കുറയ്ക്കാൻ നിരവധി നടപടികൾ സ്വീകരിച്ചുവെന്ന സർക്കാർ വാദങ്ങളെ തള്ളിക്കളയുന്നതായിരുന്നു ഈ കണക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.