ന്യൂഡൽഹി: ജി20 ഉച്ചകോടിയുടെ വിജയത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ പ്രമേയം പാസാക്കി. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന പ്രമേയത്തിന്റെ വിവിധ വശങ്ങൾ ആവിഷ്കരിക്കുന്നതിൽ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ മന്ത്രിസഭ പ്രശംസിച്ചു. ഉച്ചകോടിയുടെ ഫലങ്ങൾ ആഗോളക്രമത്തിന്റെ പുനർനിർണയത്തിന് സംഭാവനയേകുമെന്നും യോഗം വിലയിരുത്തി.
അതിനിടെ, ഉച്ചകോടിക്ക് ശേഷം ആദ്യമായി ബി.ജെ.പി ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം ലഭിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിനാണ് അദ്ദേഹം പാർട്ടി ആസ്ഥാനത്തെത്തിയത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ബി.ജെ.പി പ്രസിഡന്റ് ജെ.പി നഡ്ഡ എന്നിവർ ഉൾപ്പെടെ മുതിർന്ന നേതാക്കൾ സംബന്ധിച്ചു. നിരവധി പ്രവർത്തകരും പ്രവർത്തകരും ഒത്തുകൂടിയിരുന്നു. ഉച്ചകോടിയുടെ വിജയം അന്താരാഷ്ട്ര തലത്തിൽ മോദിയുടെയും ഇന്ത്യയുടെയും പ്രതിച്ഛായ വർധിപ്പിച്ചുവെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. ഇത് വരുന്ന തെരഞ്ഞെടുപ്പുകളിൽ മുതൽക്കൂട്ടാവുമെന്നും അവർ കരുതുന്നു.
വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകാനും സ്ഥാനാർഥിപ്പട്ടിക നിശ്ചയിക്കാനുമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.