മുംബൈ: കേന്ദ്ര സർക്കാറിന് രാഹുൽ ഗാന്ധിയെ ഭയമാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അതുകൊണ്ടാണ് സുപ്രീം കോടതി വിധിയുണ്ടായിട്ടും രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കുന്നത് വൈകിപ്പിക്കുന്നത്. ഗുജറാത്ത് കോടതിയുടെ വിധി വന്നതിനു പിന്നാലെ രാഹുലിന്റെ ലോക്സഭാംഗത്വം റദ്ദാക്കാൻ തിടുക്കം കാട്ടിയ സ്പീക്കർ സുപ്രീം കോടതിയുടെ വിധി വന്ന് മൂന്നു ദിവസമായിട്ടും അംഗത്വം പുനസ്ഥാപിച്ച് നൽകിയിട്ടില്ല’ -റാവത്ത് ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാർ രാഹുലിനെ ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണിത്. അംഗത്വം പുനസ്ഥാപിച്ച് നൽകാതെ വൈകിപ്പിക്കുന്നത് പ്രതിഷേധാർഹമാണ്. സുപ്രീം കോടതി വിധിയെക്കുറിച്ച് പഠിക്കാൻ സമയം വേണമെന്ന സ്പീക്കറുടെ പ്രസ്താവനയും അപലപനീയമാണ്. പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ‘ഇൻഡ്യ’ ഇക്കാര്യത്തിൽ എന്തു നടപടി സ്വീകരിക്കണമെന്നതിനെക്കുറിച്ച് ആലോചിക്കാൻ നാളെ യോഗം ചേരുമെന്നും റാവത്ത് പറഞ്ഞു.
സുപ്രീംകോടതി വിധി വന്ന വെള്ളിയാഴ്ചതന്നെ കോൺഗ്രസ് ലോക്സഭ നേതാവ് അധിർ രഞ്ജൻ ചൗധരി സ്പീക്കർ ഓം ബിർളയെ കണ്ട് എം.പി സ്ഥാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതി ഉത്തരവ് തന്റെ ഓഫിസിൽ കിട്ടിയശേഷം നടപടി സ്വീകരിക്കാമെന്നായിരുന്നു മറുപടി. വെള്ളിയാഴ്ച രാത്രി സുപ്രീംകോടതി ഉത്തരവ് കിട്ടിയപ്പോൾ അധീർ രഞ്ജൻ സ്പീക്കറെ വിളിച്ച് കൂടിക്കാഴ്ചക്ക് സമയംതേടി.
സുപ്രീംകോടതി വിധിപ്പകർപ്പും എം.പി സ്ഥാനം പുനഃസ്ഥാപിക്കണമെന്ന കോൺഗ്രസ് പാർട്ടിയുടെ കത്തും കൈമാറുന്നതിന് വേണ്ടിയായിരുന്നു ഇത്. ശനിയാഴ്ചയാകട്ടെ എന്ന മറുപടിയാണ് ലഭിച്ചത്. ശനിയാഴ്ചയും അയോഗ്യത നീക്കുന്നതിൽ നടപടിയൊന്നും ഉണ്ടായില്ല. ബന്ധപ്പെട്ട രേഖകൾ അടങ്ങുന്ന കവർ അധീർ രഞ്ജൻ ചൗധരി ദൂതൻ വശം കൊടുത്തയച്ചത് സ്വീകരിച്ചെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ല.
ഇനി പാർലമെന്റ് വീണ്ടും സമ്മേളിക്കുന്ന തിങ്കളാഴ്ച നടപടി ഉണ്ടാകുമോ എന്നാണ് കോൺഗ്രസ് ഉറ്റുനോക്കുന്നത്. കേന്ദ്രമന്ത്രിസഭക്കെതിരായ അവിശ്വാസ പ്രമേയം ലോക്സഭ ചർച്ചക്കെടുക്കുന്നത് ചൊവ്വാഴ്ചയാണ്. അതിൽ രാഹുൽ ഗാന്ധിയെ പങ്കെടുപ്പിക്കാനാണ് കോൺഗ്രസ് നീക്കം. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് കോടതി വിധിവന്ന് രണ്ടു മാസത്തിനു ശേഷം എം.പി സ്ഥാനം തിരിച്ചുനൽകിയതുപോലെ രാഹുലിന്റെ അംഗത്വം പുനസ്ഥാപിക്കുന്നതും വൈകിപ്പിക്കാനാണ് ശ്രമമെന്ന് പാർട്ടി സംശയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.