ന്യൂഡൽഹി: 2017ലെ ജില്ല ജഡ്ജി നിയമനത്തിന് കേരള ഹൈകോടതി പിന്തുടർന്ന നടപടിക്രമങ്ങൾ നിയമവിരുദ്ധവും ഏകപക്ഷീയവുമാണെങ്കിലും നിയമനം ലഭിച്ചവരെ ഇപ്പോൾ പിരിച്ചുവിടാത്തത് പൊതു താൽപര്യം മുൻനിർത്തിയാണെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. നിയമിതരായവർ യോഗ്യരാണ്. ജുഡീഷ്യൽ ഓഫിസർമാരായി ആറു വർഷം മുമ്പ് നിയമനം ലഭിച്ച ഇവരുടെ പരിചയസമ്പത്ത് സർക്കാറിനും ജനങ്ങൾക്കും നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധവും പൊതുതാൽപര്യത്തിന് എതിരുമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
എഴുത്തുപരീക്ഷക്കും അഭിമുഖത്തിനും ശേഷം നിയമന നടപടികളിൽ ഹൈകോടതി മാറ്റം വരുത്തിയത് ചട്ടവിരുദ്ധമാണെന്ന് ജൂലൈ 12ന് വിധിയിൽ കോടതി വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച പുലർച്ചയാണ് വിധിയുടെ പൂർണരൂപം സുപ്രീംകോടതി വെബ്സൈറ്റിൽ ലഭ്യമായത്. ഇതിലാണ് നിയമനം ലഭിച്ചവരെ പിരിച്ചുവിടാത്തതിന്റെയും ഹരജിക്കാരെ നിയമിക്കാത്തതിന്റെയും കാരണം വിശദീകരിച്ചത്. 2017ൽ ആദ്യം പുറത്തിറക്കിയ വിജ്ഞാപനത്തിൽ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ജില്ല ജഡ്ജിമാരുടെ നിയമനമെന്നാണ് വ്യക്തമാക്കിയിരുന്നത്.
അഭിമുഖത്തിന് കട്ട് ഓഫ് മാർക്ക് ഇല്ലായിരുന്നു. എഴുത്തുപരീക്ഷയും അഭിമുഖവും കഴിഞ്ഞശേഷം അഭിമുഖത്തിന് കട്ട് ഓഫ് മാർക്ക് ഏർപ്പെടുത്തി. ഹൈകോടതി നടപടി 1961ലെ കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവിസസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും നിയമനം ലഭിക്കാത്തവർക്ക് ഭാവിയിൽ ജുഡീഷ്യൽ സർവിസിലോ മറ്റു സർവിസിലോ നിയമനം ലഭിക്കുന്നതിന് തടസ്സമില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.