ലഖ്നോ: ഉത്തർപ്രദേശിൽ മൂന്നുമണിക്കൂറോളം ആശുപത്രി കിടക്കക്കായി വരാന്തയിൽ കാത്തുനിന്ന അഞ്ചുവയസുകാരിക്ക് മാതാപിതാക്കളുടെ കൺമുന്നിൽ ദാരുണാന്ത്യം. ഡെങ്കിപ്പനി ബാധിച്ച അഞ്ചുവയസുകാരി സാവന്യ ഗുപ്തയാണ് ചികിത്സ ലഭിക്കാതെ മരിച്ചത്.
െഡങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലാണ് പെൺകുട്ടിയെ രാവിലെ എട്ടുമണിേയാടെ ഫിറോസാബാദിലെ ആശുപത്രിയിലെത്തിച്ചത്. മൂന്നുമണിക്കൂർ കാത്തുനിന്ന ശേഷവും അഞ്ചുവയസുകാരി സാവന്യ ഗുപ്തക്ക് ചികിത്സ ലഭിച്ചില്ല. ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സാവന്യ മരണത്തിന് കീഴടങ്ങുകയായിരുന്നു.
'സമയത്തിന് ചികിത്സ നൽകിയിരുന്നെങ്കിൽ എന്‍റെ സഹോദരി സുരക്ഷിതയായിരിക്കുമായിരുന്നു. ഞങ്ങൾ അവളുടെ അവസ്ഥയെക്കുറിച്ച് ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നു. എന്നാൽ അവർ ഞങ്ങളുടെ വാക്കുകൾ തള്ളികളഞ്ഞു' -പെൺകുട്ടിയുടെ സഹോദരൻ എൻ.ഡി.ടി.വിയോട് പറഞ്ഞു.
പെൺകുട്ടിക്ക് നല്ല പനിയുണ്ടായിട്ടും ഡോക്ടർമാരോ നഴ്സുമാരോ തിരിഞ്ഞുനോക്കിയില്ലെന്ന് കുടുംബം ആരോപിച്ചു. 'ഡോക്ടർമാർ ഒന്നും ചെയ്തില്ല. അവർക്ക് പണം മാത്രം മതി' -എന്നായിരുന്നു പെൺകുട്ടിയുടെ ബന്ധുവിന്‍റെ പ്രതികരണം.
സംസ്ഥാനത്ത് ഡെങ്കിപ്പനി -പകർച്ചപ്പനി ബാധയെ തുടർന്ന് കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് ജീവൻ നഷ്ടമായിരുന്നു. സർക്കാർ പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ ഒന്നും ചെയ്യുന്നില്ലെന്നാണ് ഉയരുന്ന ആരോപണം. പകർച്ചപ്പനി വ്യാപനം രൂക്ഷമായതോടെ പ്രതിപക്ഷ പാർട്ടികളും യോഗി ആദിത്യനാഥ് സർക്കാറിനെതിരെ രംഗത്തെത്തിയിരുന്നു.
ഫിറോസാബാദാണ് പകർച്ചപ്പനി നാശം വിതച്ചുകൊണ്ടിരിക്കുന്ന സ്ഥലം. ലഖ്നോവിൽനിന്ന് 300 കിലോമീറ്റർ അകലെയാണ് ഇവിടം. കഴിഞ്ഞ രണ്ടാഴ്ചയിൽ 60 പേർക്കാണ് ഇവിടെ ജീവൻ നഷ്ടമായത്. 48 മണിക്കൂറിനിടെ ജില്ലയിൽ 16 മരണം റിപ്പോറട്ട് ചെയ്തു. സമീപ ജില്ലകളായ മഥുര, ആഗ്ര, മെയിൻപുരി എന്നിവിടങ്ങളിലേക്കും രോഗം പടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.