ലാഹോർ: ഫേസ്ബുക്ക് കാമുകിയെ കാണാൻ അനധികൃതമായി അതിർത്തി കടന്ന് പാകിസ്താനിലെത്തിയ ഇന്ത്യക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശ് അലീഗഢ് സ്വദേശീയായ 21കാരൻ ബാദൽ ബാബുവാണ് കഴിഞ്ഞയാഴ്ച പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള മണ്ഡി ബഹാവുദ്ദീൻ ജില്ലയിൽ അറസ്റ്റിലായത്.
രണ്ടര വർഷമായി സനാ റാണിയെന്ന പാകിസ്താൻ യുവതിയും ബാദലും ഫേസ്ബുക്ക് സുഹൃത്തുക്കളാണ്. ഡൽഹിയിൽ ജോലിക്കുപോകുകയാണെന്ന് കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചാണ് ബാദൽ പാകിസ്താനിലേക്ക് കടന്നത്. രക്ഷ ബന്ധൻ ദിനാഘോഷത്തിനു പിന്നാലെയാണ് ബാദൽ നാട് വിട്ടത്. ഇതിനിടെ വാട്സ് ആപ്പ് വഴി കുടുംബത്തെ വിഡിയോ കാൾ വിളിക്കുകയും ജോലി കിട്ടിയെന്ന് അറിയിക്കുകയും ചെയ്തു. സ്വന്തമായി ഫോൺ ഇല്ലാത്തതിനാൽ സുഹൃത്തിന്‍റെ ഫോണിൽനിന്നാണ് വിളിക്കുന്നതെന്നും പറഞ്ഞു.
പിന്നീടാണ് മകൻ ജമ്മു അതിർത്തി വഴി പാകിസ്താനിലേക്ക് കടന്നെന്ന വിവരം കുടുംബം അറിയുന്നത്. പാകിസ്താൻ ജയിലിൽ കഴിയുന്ന മകനെ മടക്കികൊണ്ടുവരാൻ സഹായം തേടി പിതാവ് കൃപാൽ സിങ് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കുടുംബത്തിന്‍റെ പരാതി ലഭിച്ചിട്ടുണ്ടെന്നും വിഷയം വിദേശകാര്യ മന്ത്രാലയത്തിന്‍റെ ശ്രദ്ധയിൽപെടുത്തുമെന്നും അലീഗഢ് എസ്.പി അമൃത് ജെയ്ൻ വ്യക്തമാക്കി. അതിനിടെ, ബാദലിനെ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്ന് പെൺകുട്ടി പൊലീസിൽ അറിയിച്ചതായാണ് വിവരം. കഴിഞ്ഞ രണ്ടര വർഷമായി ഫേസ്ബുക്കിൽ സുഹൃത്തുക്കളാണെന്നും എന്നാൽ വിവാഹത്തിന് താൽപര്യമില്ലെന്നുമാണ് 21കാരിയായ സന റാണി പൊലീസിനോട് പറഞ്ഞത്.
മണ്ഡി ബഹാവുദ്ദീൻ സ്വദേശിയാണ് പെൺകുട്ടി. കോടതിയിൽ ഹാജരാക്കിയ ബാദൽ ബാബുവിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജനുവരി 10ന് വീണ്ടും കേസ് പരിഗണിക്കും. പാകിസ്താന്‍ ഫോറിന്‍ ആക്ട് സെഷന്‍ 13, 14 പ്രകാരം നിയമവിരുദ്ധമായി അതിര്‍ത്തി കടന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.
നേരത്തെ, അഞ്ജു എന്ന ഇന്ത്യന്‍ യുവതി പാകിസ്താന്‍ യുവാവുമായി പ്രണയത്തിലായി. പിന്നാലെ പാകിസ്താനിലെത്തി കാമുകനെ വിവാഹം കഴിച്ച് അദ്ദേഹത്തിനൊപ്പം ജീവിക്കുകയാണ്. കഴിഞ്ഞ വര്‍ഷം പാകിസ്താനില്‍നിന്ന് തന്റെ കാമുകനെ തേടി ഇന്ത്യയിലെത്തിയ സീമ ഹൈദരും വാര്‍ത്തയായിരുന്നു. പബ്ജി ഗെയിമിങ്ങിലൂടെയാണ് ഇവര്‍ പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.