ലഖ്നോ: ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ തോട്ടത്തിൽ നിന്ന് കരിമ്പ് മോഷ്ടിച്ചതിന് ദലിത് ബാലനെ തലക്കടിച്ച് കൊന്നു. പ്രതിയായ ഇസ്മയിൽ ഖാനെ(23) പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം, പട്ടികജാതി-പട്ടികവർഗത്തിനെതിരായ അതിക്രമങ്ങൾ തടയൽ എന്നിവപ്രകാരമാണ് അറസ്റ്റ്.
സെപ്റ്റബർ 25ന് സ്കൂളിൽ പോയ കുട്ടി തിരികെ വരാത്തതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിൽ കരിമ്പ് തോട്ടത്തിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സമീപത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
സംഭവത്തിന് മൂന്ന് ദിവസം മുമ്പ് ഇസ്മയിൽ കുട്ടിയുടെ വീട്ടിലെത്തി സഹോദരിയോട് കുട്ടി കരിമ്പ് മോഷ്ടിക്കുന്നുവെന്ന് പരാതിപ്പെടുകയും ഇനി ആവർത്തിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ വീട്ടുകാർ ഇത് കാര്യമായി എടുത്തിരുന്നില്ല. ചൊവ്വാഴ്ച തന്റെ പറമ്പിൽ നിന്ന് കരിമ്പ് മോഷ്ടിച്ച കുട്ടിയുടെ തലയിൽ ഇസ്മയിൽ ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിച്ചു. ഇതേതുടർന്നാണ് കുട്ടി മരിച്ചതെന്ന് പൊലീസ് പറയുന്നു. പൊലീസ് ഇസ്മയിൽ ഖാനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും തുടർന്ന് ഇയാൾ കൊലപാതകം നടത്തിയെന്ന് സമ്മതിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.