ന്യൂഡൽഹി: പൊലീസിെൻറ തലപ്പത്ത് ആക്ടിങ് ഡി.ജി.പിമാരെ നിയമിക്കാൻ പാടില്ലെന്ന് സുപ്രീംകോടതി. ഡി.ജി.പി വിരമിക്കേണ്ട സമയത്തിനു മൂന്നു മാസം മുമ്പുതന്നെ, പുതിയ ഡി.ജി.പിയെ തെരഞ്ഞെടുക്കാൻ സംസ്ഥാന സർക്കാർ യൂനിയൻ പബ്ലിക് സർവിസ് കമീഷനെ (യു.പി.എസ്.സി) സമീപിക്കണം.
ഇതടക്കം, ഡി.ജി.പി നിയമനം സംബന്ധിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് മാർഗരേഖ മുന്നോട്ടുവെച്ചു.
പൊലീസിലെ പരിഷ്കരണങ്ങളുമായി ബന്ധെപ്പട്ട ഒരുകൂട്ടം ഹരജികൾ മുൻനിർത്തിയാണ് സുപ്രീംകോടതി നിർദേശം. നടപടിക്രമങ്ങളുടെ രൂപരേഖ മുന്നോട്ടുവെക്കുന്നതിനു മുമ്പ് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ, അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, ഗോപാൽ ശങ്കരനാരായണൻ എന്നിവരുടെ കാഴ്ചപ്പാട് സുപ്രീംകോടതി കേട്ടിരുന്നു.
പുതിയ ഡി.ജി.പിയായി തെരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്നവരുടെ പട്ടികയുമായാണ് മൂന്നു മാസം മുമ്പ് സർക്കാർ യു.പി.എസ്.സിയെ സമീപിക്കേണ്ടത്. ഇതിൽ നിന്ന് മൂന്നു പേരുകൾ യു.പി.എസ്.സി നിർദേശിക്കും. അതിൽ ഒരാളെ സംസ്ഥാന സർക്കാർ നിശ്ചയിക്കണം. അതല്ലാതെ ആക്ടിങ് ഡി.ജി.പിയെ നിയമിക്കരുത്.
രണ്ടു വർഷ കാലാവധി പൂർത്തിയാക്കാൻ കഴിയാതെ പിരിയേണ്ടിവരുമെന്ന സാഹചര്യം, അർഹരായവരെ തെരഞ്ഞെടുക്കുന്നതിൽ തടസ്സമാകരുത്. ഇക്കാര്യവും യു.പി.എസ്.സിക്കു കണക്കിലെടുക്കാമെന്നു മാത്രം. രണ്ടു വർഷത്തെ സർവിസ് കാലാവധി ബാക്കിയുള്ളവരെ മാത്രമേ ഡി.ജി.പി സ്ഥാനത്തേക്ക് യു.പി.എസ്.സി പരിഗണിക്കാവൂ എന്നില്ല. വകുപ്പിലെ ഏറ്റവും മുതിർന്ന മൂന്ന് ഉദ്യോഗസ്ഥരുടെ പാനലാണ് യു.പി.എസ്.സി തയാറാക്കേണ്ടത്. സേവന കാലം, സേവന പശ്ചാത്തലം, അനുഭവ സമ്പത്ത് തുടങ്ങിയവ പരിശോധിക്കപ്പെടണം.
ഒരാളെ ഡി.ജി.പിയായി നിയമിച്ചാൽ, പെൻഷൻ സമയം നോക്കാതെത്തന്നെ, പദവി രണ്ടു വർഷത്തേക്കായിരിക്കും. എന്നാൽ, വിരമിക്കാറായ ഒരാളെ ഡി.ജി.പിയാക്കി രണ്ടു വർഷത്തോളം കൂടുതൽ സർവിസ് കിട്ടുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പല സംസ്ഥാനങ്ങളും ആദ്യം ആക്ടിങ് ഡി.ജി.പിയായി നിയമിക്കും. വിരമിക്കാറാകുേമ്പാൾ, ഡി.ജി.പിയാക്കും. അതുവഴി രണ്ടു വർഷംകൂടി കൂടുതൽ കിട്ടുന്ന സ്ഥിതി വരും. ഇതാണ് പല സംസ്ഥാനങ്ങളിലെയും അവസ്ഥയെന്ന് അറ്റോണി ജനറൽ ചൂണ്ടിക്കാട്ടി. അതു പാടില്ല, 60 വയസ്സിൽ റിട്ടയർ ചെയ്യേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.