വാഷിങ്ടൺ ഡി.സി: അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന പ്രമേയം പാസാക്കി അമേരിക്ക. യു.എസ് സെനറ്റ് കമ്മിറ്റിയാണ് പ്രമേയം പാസാക്കിയത്. ഒറിഗോൺ സെനറ്റർ ജെഫ് മെർക് ലി, ടെന്നസി സെനറ്റർ ബിൽ ഹാഗെർട്ടി, ടെക്‌സാസ് സെനറ്റർ ജോൺ കോർണിൻ എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്. സെനറ്റർമാരായ ടിം കെയ്‌നും ക്രിസ് വാൻഹോളനും പ്രമേയത്തെ പിന്തുണച്ചു.
ഇന്ത്യ-ചൈന അതിർത്തി വേർതിരിക്കുന്ന അരുണാചൽ പ്രദേശിലൂടെ കടന്നു പോകുന്ന മക്മോഹൻ ലൈനിനെ അമേരിക്ക അംഗീകരിക്കുന്നു. എന്നാൽ, ഇത് നിരാകരിക്കുന്ന ചൈന അരുണാചലിന്‍റെ ഭൂരിഭാഗ ഭൂപ്രദേശം തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നു. ചൈനയുടെ ഭാഗത്ത് നിന്ന് അരുണാചലിൽ ആക്രമണങ്ങളും കടന്നുകയറ്റങ്ങളും വർധിച്ചു വരുന്നതായും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
സ്വാതന്ത്ര്യം ഉയർത്തി പിടിക്കുന്ന അമേരിക്ക, ലോകത്ത് മൂല്യങ്ങളും നിയമക്രമവും അടിസ്ഥാനമാക്കിയുള്ള എല്ലാ പ്രവർത്തനങ്ങളെയും ബന്ധങ്ങളെയും പിന്തുണക്കുന്നതായി കോൺഗ്രസ് (എക്‌സിക്യൂട്ടീവ് കമീഷൻ ഓഫ് ചൈന) ഉപാധ്യക്ഷൻ കൂടിയായ ജെഫ് മെർക് ലി വ്യക്തമാക്കി.
അരുണാചൽ പ്രദേശ് പരമാധികാര രാജ്യമായ ഇന്ത്യയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രമേയമാണ് അമേരിക്ക പാസാക്കിയത്. രാജ്യാന്തര പങ്കാളി എന്ന നിലയിൽ ഇന്ത്യക്ക് എല്ലാ പിന്തുണയും സഹായവും നൽകാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും മെർക് ലി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.