ന്യൂഡൽഹി: അമേരിക്കൻ പടക്കപ്പൽ ലക്ഷദ്വീപിനു സമീപം ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ച സംഭവം രാജ്യത്തിെൻറ പരമാധികാരത്തിന് നേരയുള്ള കടുത്ത വെല്ലുവിളിയാണെന്ന് സി.പി.എം. ആത്മാഭിമാനമുണ്ടെങ്കിൽ, രാജ്യത്തിെൻറ പരമാധികാരത്തിന് വില നൽകുന്നുണ്ടെങ്കിൽ, ക്വാഡ് സഖ്യത്തിൽ നിന്ന് ഉടൻ മോദിസർക്കാർ പിന്മാറണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അമേരിക്ക ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ഐക്യരാഷ്ട്ര സഭ അംഗീകരിച്ച സമുദ്ര ഉടമ്പടിയിൽ അവർ ഒപ്പുവെച്ചിട്ടില്ല. ഇന്ത്യ ഒപ്പുവെച്ചിട്ടുമുണ്ട്. എന്നാൽ അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായാണ് തങ്ങൾ പ്രവർത്തിച്ചതെന്നാണ് അമേരിക്കയുടെ വാദം. സമുദ്രത്തിൽ ഇന്ത്യ നടത്തുന്ന അമിതാവകാശ വാദം വെല്ലുവിളിക്കുകയാണ് ചെയ്തതെന്ന് ഏഴാം കപ്പൽപട ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കയുടെ ചെയ്തിയോട് മൃദുവായ പ്രതികരണം മാത്രമാണ് മോദിസർക്കാർ നടത്തിയത്. ഇന്ത്യയുടെ തനത് സാമ്പത്തിക മേഖലയിൽ കൂടി പടക്കപ്പലുകൾ കടന്നു പോകാൻ മുൻകൂട്ടി അനുമതി വേണമെന്നു മാത്രമാണ് വാദം. എന്നാൽ അത് അമേരിക്ക അംഗീകരിക്കുന്നില്ല.
ഏഷ്യൻ മേഖലയിൽ അമേരിക്കയുടെ നേതൃത്വത്തിൽ രൂപം നൽകിയ 'ക്വാഡ്' സഖ്യത്തിൽ ഇന്ത്യയെ പങ്കാളിയാക്കിയ മോദി സർക്കാർ, അമേരിക്കൻ താൽപര്യങ്ങൾ നടപ്പാക്കാൻ ബാധ്യസ്ഥമാണ്. ഇന്ത്യ-പസഫിക് മേഖലയിൽ സ്വതന്ത്ര കപ്പൽ യാത്രയെന്ന അമേരിക്കയുടെ താൽപര്യം അംഗീകരിച്ചു മുന്നോട്ടു പോവുകയാണ് ചെയ്യുന്നത്. അമേരിക്കക്ക് കീഴിലുള്ള നാട്ടുരാജ്യമെന്ന മട്ടിലാണ് ഇന്ത്യയോട് യു.എസ് സേന പെരുമാറുന്നത്. ഏഴാം കപ്പൽപട നൽകുന്ന സന്ദേശവും അതു തന്നെ -പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.