ലഖ്‌നോ: ഉത്തർപ്രദേശിൽ പിതാവിനെയും സഹോദരനേയും വെടിവെച്ചുകൊന്ന മുൻ സൈനിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പിതാവായ ശിവനാരായണൻ (70), സഹോദരൻ മനീഷ് സിങ് (30) എന്നിവരെ കൊലപ്പെടുത്തിയ മനോജ്കുമാർ സിങ് (45) ആണ് പിടിയിലായത്. അസംഗഢ് ജില്ലയിലെ കപ്തൻഗഞ്ച് മേഖലയിലെ ധന്ധാരി ഗ്രാമത്തിലാണ് സംഭവം. സ്വത്ത് തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു.
സംഭവദിവസം, പിതാവായ ശിവനാരായണനോട് സ്വത്തുവിവരങ്ങളും കൃഷിയിൽനിന്ന് ലഭിച്ച പണവും മനോജ് ചോദിച്ചറിഞ്ഞു. സംസാരം പിന്നീട് വാക്കേറ്റവും തർക്കവുമായി. ശിവനാരായണനും മനോജും തമ്മിൽ തർക്കം രൂക്ഷമായപ്പോൾ സഹോദരനായ മനീഷും സ്ഥലത്തെത്തി. പ്രകോപിതനായ മനോജ് തന്റെ ലൈസൻസുള്ള തോക്ക് എടുത്ത് പിതാവിനെ ആദ്യം വെടിവെച്ചു. ശിവനാരായണൻ വെടിയേറ്റ് നിലത്തുവീണപ്പോൾ സഹോദരൻ മനീഷിന് നേരെയും മനോജ് കുമാർ വെടിയുതിർത്തു.
വെടിയൊച്ച കേട്ട് സ്ഥലത്തെത്തിയ മനോജിന്‍റെ അമ്മായി അവധ്‌രാജിയെ (65) വടികൊണ്ട് അടിച്ച് വീഴ്ത്തി ഇയാൾ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി. ഏതാനും മണിക്കൂറുകൾക്ക് ശേഷം തോക്കുമായി മനോജ് കപ്തൻഗഞ്ച് സ്റ്റേഷനിൽ കീഴടങ്ങിയതായി പൊലീസ് പറഞ്ഞു. മനോജിനെ അറസ്‌റ്റ് ചെയ്‌തതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും അസംഗഢ് സർക്കിൾ ഇൻസ്പെക്ടർ ലാൽത പ്രസാദ് പറഞ്ഞു.
മനീഷിനെ അവധ്‌രാജി ദത്തെടുത്തതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായതായി കപ്‌ടൻഗഞ്ച് പൊലീസ് സ്‌റ്റേഷനിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വിരമിക്കലിന് ശേഷം നാട്ടിലെത്തിയ മനോജ്, സ്വത്ത് വിഹിതം മനീഷിന് നൽകരുതെന്ന് പിതാവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സ്വത്തിന്‍റെ പങ്ക് മനീഷിന് നൽകുന്നതിൽ ശിവനാരായണൻ ഉറച്ചുനിന്നു. ഇതോടെയാണ് ക്രൂരകൃത്യം നടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.