തുരങ്കത്തിൽ ഡ്രില്ലിങ് തുടങ്ങി; മൂന്നു മണിയോടെ തൊഴിലാളികളെ പുറത്തെത്തിച്ചേക്കും

സിൽക്യാര: ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലെന്ന് റിപ്പോർട്ട്. ഇന്നലെ രാത്രി തുരക്കുന്നതിനിടെ തടസ്സം തീർത്ത ഇരുമ്പുപാളി മുറിച്ചുമാറ്റി. ഇരുമ്പുപാളിയിൽ തട്ടി ഡ്രില്ലിങ് യന്ത്രത്തിന്‍റെ ബ്ലേഡിന് ഉണ്ടായ തകരാർ പരിഹരിച്ചിട്ടുണ്ട്. കുഴലുകൾ തമ്മിലുള്ള വെൽഡിങ് പൂർത്തിയാക്കിയ ശേഷം ഉച്ചക്ക് 12 മണിയോടെ തുരക്കുന്നത് പുനരാരംഭിക്കും. ഇനി 10 മീറ്റർ മാത്രമാണ് ഇരുമ്പുകുഴലുകൾ ഇടാനുള്ളത്. ഈ പ്രവൃത്തി മൂന്നു മണിയോടെ പൂർത്തിയാകുമെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, തുരങ്കത്തിൽ നിന്ന് പുറത്തെത്തിക്കുന്ന തൊഴിലാളികളെ പരിശോധിക്കാനായി 15 ഡോ​ക്ട​ർ​മാ​ർ അ​പ​ക​ട​സ്ഥ​ല​ത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കൂടാതെ, എ​ട്ട് കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി​യും സ​ജ്ജ​മാ​ണ്. ഇന്ന് രാവിലെ കൂടുതൽ മെഡിക്കൽ ഉപകരണങ്ങൾ തുരങ്കത്തിൽ എത്തിച്ചു. തൊഴിലാളികളെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റാൻ ആം​ബു​ല​ൻ​സു​ക​ളും ഹെ​ലി​കോ​പ്ട​റും സജ്ജമാണ്. അതിനിടെ, കേന്ദ്ര മന്ത്രി വി.കെ. സിങ് തുരങ്കം സന്ദർശിച്ചിട്ടുണ്ട്.

11 ദിവസം നീണ്ട രക്ഷാദൗത്യമാണ് അവസാന ഘട്ടത്തിലേക്ക് എത്തുന്നത്. 80 സെന്റിമീറ്റർ വ്യാസവും ആറു മീറ്റർ നീളവുമുള്ള ഒമ്പത് ഇരുമ്പുകുഴലുകൾ അമേരിക്കൻ നിർമിത ഡ്രില്ലിങ് യന്ത്രം ഉപയോഗിച്ച് അവശിഷ്ടങ്ങൾക്കിടയിലൂടെ ബുധനാഴ്ച വൈകീട്ട് കയറ്റിയിരുന്നു. പത്താമത്തെ കുഴൽ കൂടി കയറ്റി 60 മീറ്റർ നീളത്തിൽ കുഴൽപ്പാത എന്ന ലക്ഷ്യം പൂർത്തിയാക്കി രാത്രി എട്ടു മണിയോടെ തൊഴിലാളികളെ പുറത്തെത്തിക്കായിരുന്നു പദ്ധതി.

ദുരന്തനിവാരണ സേനാംഗങ്ങൾ കുഴൽപ്പാതയിലൂടെ ഇഴഞ്ഞുനീങ്ങി തൊഴിലാളികളുടെ അടുത്തേക്ക് നീങ്ങാൻ കാത്തു നിൽക്കേ അവശിഷ്ടങ്ങളിലെ ഇരുമ്പുപാളിയിലുടക്കി അവസാന കുഴൽ മുന്നോട്ടുപോയില്ല. തുടർന്ന് ആ തടസ്സം ഇരുമ്പുകട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റുന്നതിനുള്ള ശ്രമം ആരംഭിച്ചത്.

തിങ്കളാഴ്ച 57 മീറ്റർ വരെ കടത്തിയ ആറ് ഇഞ്ച് വ്യാസമുള്ള ഇരുമ്പുകുഴലുകളിലൂടെയാണ് ഭക്ഷണം എത്തിക്കുന്നത്. ചൊവ്വാഴ്ച എൻഡോസ്കോപ്പി കാമറ കടത്തി തൊഴിലാളികളുടെ രണ്ടു മിനിറ്റ് മൂന്നു സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ പകർത്തിയിരുന്നു. വെള്ളിയാഴ്ച ഡ്രില്ലിങ് യന്ത്രം ഉപയോഗിച്ച് തുരക്കുന്നതിനിടെ അവശിഷ്ടങ്ങൾക്കടിയിൽ ഇരുമ്പുപാളിയിൽ തട്ടിയതിനാലാണ് രക്ഷാപ്രവർത്തനം താൽകാലികമായി നിർത്തിയത്. 

Tags:    
News Summary - Uttarkashi tunnel incident: Rescue operation enters final stage, NDRF personnel deployed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.