ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയേക്കാൾ, സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് ഭരണാധികാരികളോട് ദയായാചനം നടത്തിയ ഹിന്ദുത്വ താത്വികാചാര്യൻ വി.ഡി. സവർക്കർക്ക് പ്രാധാന്യം നൽകി ഡൽഹി സർവകലാശാല (ഡി.യു) സിലബസ് ഉടച്ചുവാർക്കുന്നു.
പൊളിറ്റിക്കല്‍ സയന്‍സ് ബിരുദ കോഴ്സിന്റെ ആദ്യ ആറു വർഷ സെമസ്റ്ററിൽ സവർക്കറെ കുറിച്ചുള്ള പേപ്പർ പുതുതായി ഉൾപ്പെടുത്താനാണ് ഡി.യു അക്കാദമിക് കൗൺസിലിന്റെ തീരുമാനം. നേരത്തേ ത്രിവത്സര ബിരുദ കോഴ്സിന്റെ ഭാഗമായിട്ടായിരുന്നു മഹാത്മ ഗാന്ധിയുടെ ജീവിതത്തെയും ചിന്തകളെയും കുറിച്ചുള്ള പേപ്പര്‍ പഠിപ്പിച്ചിരുന്നത്.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഡി.യു ആരംഭിച്ച നാലു വര്‍ഷ ബിരുദ പ്രോഗ്രാമിൽ ഉൾപ്പെടുത്തി ഏഴാം സെമസ്റ്ററിലേക്ക് ഈ പേപ്പർ മാറ്റാനും തീരുമാനിച്ചു.
ആറ് സെമസ്റ്റർ പൂർത്തിയാക്കിയവർക്ക് ബിരുദ സർട്ടിഫിക്കറ്റോടെ കോഴ്സ് പൂർത്തിയാക്കാൻ കഴിയുമെന്നിരിക്കെ, ഏഴാം സെമസ്റ്ററിലേക്ക് ഗാന്ധിജിയെ കുറിച്ചുള്ള പേപ്പർ മാറ്റുന്നത് അദ്ദേഹത്തിന്റെ പ്രാധാന്യം കുറക്കാനാണെന്ന് ആരോപണം ഉയർന്നു.
സവര്‍ക്കറിനുമുമ്പ് ഗാന്ധിയെ കുറിച്ച് നാലാം സെമസ്റ്ററില്‍ പഠിപ്പിക്കണമെന്ന് അക്കാദമിക് കൗൺസിൽ യോഗത്തിൽ ആവശ്യം ഉയർന്നെങ്കിലും വൈസ് ചാന്‍സലര്‍ യോഗേഷ് സിങ് അംഗീകരിച്ചില്ലെന്ന് കൗണ്‍സില്‍ അംഗം ചന്ദ്രമോഹന് നേഗി പറഞ്ഞു.
‘സാരെ ജഹാന് സേ അച്ഛാ’ രചിച്ച വിഖ്യാത ഉർദു കവി മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ചുള്ള പാഠഭാഗം സിലബസില്‍നിന്ന് നീക്കം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
കൂടാതെ, സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസ് നേതാക്കൾ വഹിച്ച പങ്കിനെ ഔദ്യോഗിക ചരിത്രം പെരുപ്പിച്ചു കാണിക്കുന്നുവെന്ന് സംഘ്പരിവാര്‍ ആരോപിക്കുന്നതിനിടെ സ്വാതന്ത്ര്യസമരവും ഇന്ത്യ-പാക് വിഭജനവും മുഖ്യപാഠ്യവിഷയമാക്കിയുള്ള സെന്ററിനും, സെന്റർ ഫോര്‍ ഹിന്ദു സ്റ്റഡീസിനും അക്കാദമിക് കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.