ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി അംഗം നൽകിയ അവകാശലംഘന നോട്ടീസ് രാജ്യസഭഅധ്യക്ഷൻ എം. വെങ്കയ്യ നായിഡു ലോക്സഭ സ്പീക്കർ സുമിത്ര മഹാജന് കൈമാറി. പാർലമെൻറ് അംഗത്തിനെതിരെ അവകാശലംഘന നോട്ടീസ് ലഭിച്ചാൽ അവർ അംഗമായ സഭക്ക് കൈമാറുക എന്നതാണ് നടപടിക്രമം.
ഭുപീന്ദർ യാദവാണ് ഡിസംബർ 28ന് രാഹുലിനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകിയത്. പരിശോധനയിൽ പ്രഥമദൃഷ്ട്യാ അവകാശലംഘനപ്രശ്നം ഉണ്ടെന്ന വിലയിരുത്തലിലാണ് അധ്യക്ഷൻ എത്തിയതെന്ന് രാജ്യസഭ ടി.വി റിപ്പോർട്ട് ചെയ്തു. പാർലമെൻറിെൻറ ശീതകാലസമ്മേളനം അവസാനിച്ച വെള്ളിയാഴ്ച ഭൂപീന്ദർ അവകാശലംഘന പ്രശ്നം രാജ്യസഭയിൽ ഉന്നയിച്ചിരുന്നു. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി എന്നിവർക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിവാദ പരാമർശത്തെതുടർന്ന് പാർലമെൻറ് സമ്മേളന നടപടി പ്രക്ഷുബ്ധമായിരുന്നു.
ഇത് സാധാരണനിലയിലേക്ക് എത്തിക്കുന്നതിെൻറ ഭാഗമായി പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദിനൊപ്പം കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി നടത്തിയ പ്രസ്താവനയെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ ട്വീറ്റിലെ പരാമർശം മനഃപൂർവം അപമാനിക്കുന്നതും രാജ്യസഭ നടപടികളുടെ ദുർവ്യാഖ്യാനവും ആയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഭുപീന്ദർ നോട്ടീസ് നൽകിയത്.
‘പറയുന്നതല്ല പ്രധാനമന്ത്രി ഉദ്ദേശിക്കുന്നതെന്നും ഉദ്ദേശിക്കുന്നതല്ല പറയുന്നതെന്നും രാജ്യത്തെ ഒാർമിപ്പിച്ചതിന് നന്ദി പ്രിയ മിസ്റ്റർ ജെയ്റ്റ്ലി’ എന്നായിരുന്നു ട്വീറ്റ്.
രാഹുലിെൻറ ട്വീറ്റ് രാജ്യസഭയെയും അധിക്ഷേപിക്കുന്നതാണെന്നും ഭുപീന്ദർ നോട്ടീസിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.