ഗുരുഗ്രാം: ഹരിയാനയിലെ നൂഹിൽ ആറുപേർ കൊല്ലപ്പെട്ട വർഗീയ സംഘർഷത്തിന് തുടക്കമിട്ട തീവ്ര ഹിന്ദുത്വവാദി ബിട്ടു ബജ്‌റംഗിയെ തള്ളിപ്പറഞ്ഞ് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). കലാപക്കേസിൽ ബിട്ടു ബജ്‌റംഗി എന്ന രാജ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷമാണ് തങ്ങളുടെ യുവജന സംഘടനയായ ബജ്‌റംഗ്ദളുമായോ വി.എച്ച്.പിയുമായോ അയാൾക്ക് ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി വി.എച്ച്.പി പ്രസ്താവനയിറക്കിയത്. അതേസമയം, വിഎച്ച്.പിയുടെ അനുബന്ധ സംഘടനയായ ആർ.എസ്.എസിന്റെ ക്യാമ്പിൽ ഇയാൾ പങ്കെടുക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സംഘ് പരിവാർ വേദികളിൽ ഇയാൾ സ്ഥിരസാന്നിധ്യവുമാണ്.
പശുവിന്റെ പേരിൽ ആളുകളെ ക്രൂരമായി മർദിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന ഗോരക്ഷ ബജ്‌റംഗ് ഫോഴ്‌സ് എന്ന പശുഗുണ്ടാസംഘത്തിന്റെ പ്രസിഡന്റാണ് ബിട്ടു ബജ്‌റംഗി. ജൂലൈ 31ന് വിഎച്ച്പി സംഘടിപ്പിച്ച ഘോഷയാത്രയ്ക്ക് മുമ്പ് ബിട്ടു പുറത്തുവിട്ട വർഗീയ വിഡിയോയാണ് നൂഹ് കലാപത്തിന് വഴിമരുന്നിട്ടത്. വർഗീയ സംഘർഷത്തിൽ രണ്ട് ഹോം ഗാർഡുകളും ഒരു പുരോഹിതനുമടക്കം ആറ് പേർ കൊല്ലപ്പെട്ടിരുന്നു.
പ്രകോപനപരമായ വീഡിയോയിലൂടെ നൂഹിലെ വർഗീയ കലാപം ആളിക്കത്തിച്ചതിന് കലാപം, ഭീഷണിപ്പെടുത്തൽ, സായുധ കവർച്ച, ആയുധ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ തുടങ്ങിയ കുറ്റങ്ങൾക്ക് ബജ്‌റംഗി ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. തുടർന്ന് ചൊവ്വാഴ്ച ഫരീദാബാദിലെ വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
കലാപത്തിലേക്ക് നയിച്ച വിശ്വ ഹിന്ദു പരിഷത്-ബജ്റംഗ്ദൾ ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയിൽ ബിട്ടുവും പങ്കാളിയായിരുന്നു. കാവി വസ്ത്രം ധരിച്ച് സ്ലോ മോഷനിൽ ഇയാൾ നടന്നുപോകുന്ന വിഡിയോയിൽ ആയുധങ്ങൾ കാണിക്കുകയും മുസ്‍ലിംകൾക്കെതിരായ പ്രകോപന ഗാനം ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.