രാഷ്ട്രീയത്തിലും സിനിമയിലും വിജയകാന്ത് ക്യാപ്റ്റൻ​

കോളിവുഡിലും തമിഴ് രാഷ്ട്രീയത്തിലും ഒരുപോലെ പയറ്റിത്തെളിഞ്ഞ ആളായിരുന്നു വിജയരാജ് അളഗർ സ്വാമിയെന്ന വിജയകാന്ത്. പക്ഷേ, രാഷ്ട്രീയത്തിന്റെ തന്ത്രങ്ങൾ വിജയകാന്തിന് നന്നായി വഴങ്ങുന്നതായിരുന്നില്ല. ഒരുകാലത്ത് തമിഴ്നാട്ടിലെ രാഷ്ട്രീയത്തിൽ നിർണായക ശക്തിയായി ഉയർന്നു വരാൻ വിജയകാന്തിന് സാധിച്ചുവെങ്കിലും സിനിമയിൽ നിന്നെത്തി മുഖ്യമന്ത്രിയായി തമിഴകം ഭരിച്ച മുൻഗാമികളുടെ ചരിത്രം ആവർത്തിക്കാൻ അദ്ദേഹത്തിനായില്ല. ഒരു കൊള്ളിയാനെ പോലെ അതിവേഗത്തിൽ എരിഞ്ഞടങ്ങുകയായിരുന്നു വിജയകാന്തും അദ്ദേഹത്തിന്റെ പാർട്ടിയായ ഡി.എം.ഡി.കെയും. എന്നാൽ, കമൽഹാസനും രജനീകാന്തും ഒരുകാലത്ത് അടക്കിവാണിരുന്ന തമിഴ്സിനിമയിലേക്ക് എത്തി തന്റേതായ ഇടം ഉറപ്പിക്കാൻ വിജയകാന്തിന് സാധിച്ചിരുന്നു.

വിജയകാന്തിനെ കുറിച്ച് പറയുമ്പോൾ ഒരിക്കലും ഒഴിവാക്കാൻ കഴിയാത്തത് അദ്ദേഹത്തിന്റെ കണ്ണുകളെയാണ്. ആരെയും ആകർഷിക്കുന്ന കണ്ണുകളും നോട്ടവും വിജയകാന്തിനുണ്ടായിരുന്നു. ആ ​​കണ്ണുകളുടേയും നോട്ടത്തിന്റേയും ശക്തിയിൽ തന്നെയാവും വിജയകാന്ത് തമിഴ് പ്രേ​ക്ഷകരുടെ മനസിലേക്ക് കുടിയേറിയത്.

രജനീകാന്തും കമൽഹാസനും തമിഴ്സിനിമയിൽ അനിഷേധ്യ സാന്നിധ്യമായി നിലകൊള്ളുമ്പോഴാണ് വിജയകാന്ത് എത്തുന്നത്. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ പുലർത്തിയ സൂക്ഷ്മതയായിരുന്നു വിജയകാന്തിനെ കമൽഹാസന്റേയും രജനീകാന്തിന്റെയും നിലവാരത്തിലേക്ക് ഉയർത്തിയത്. തമിഴ് സിനിമയിലെ 80കളും 90കളും ഭരിച്ചത് മൂവരും ചേർന്നായിരുന്നു.

1979ൽ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ എന്ന ചിത്രമാണ് വിജയകാന്തിന്റെ ആദ്യ സിനിമ. എന്നാൽ, ഇനിക്കും ഇളമൈയും പിന്നീടെത്തിയ വിജയകാന്ത് സിനിമകളും ബോക്സ് ഓഫീസിൽ കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പക്ഷേ അതുകൊണ്ടൊന്നും തളരാൻ വിജയകാന്ത് തയാറായിരുന്നില്ല. വ്യത്യസ്തമായ വേഷങ്ങളിലുടെ വിജയകാന്ത് തമിഴ് സിനിമയിൽ പതിയെ സാന്നിധ്യമുറപ്പിക്കുകയായിരുന്നു.

1980ൽ പുറത്തിറങ്ങിയ ദൂരത്ത് ഇടി മുഴക്കം എന്ന സിനിമയാണ് വിജയകാന്തിന് തമിഴ് സിനിമയിൽ ബ്രേക്ക് നൽകിയത്. ചിത്രം ഐ.എഫ്.എഫ്.ഐയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീടെത്തിയ എസ്.എ ചന്ദ്രശേഖറിന്റെ സട്ടം ഒരു ഇരുട്ടറൈ എന്ന സിനിമയും വിജയകാന്തിന്റെ കരിയറിലെ മികച്ച ചിത്രമായിരുന്നു. 1984ൽ വിജയകാന്തിന്റെ 18 ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. ആ വർഷം തമിഴിൽ ഏറ്റവും കൂടുതൽ റിലീസ് ചെയ്തത് വിജയകാന്ത് ചിത്രങ്ങളായിരുന്നു.

അണ്ണൈ ​​ഭൂമി 3D എന്ന ചിത്രത്തിൽ അഭിനയിക്കുക വഴി തമിഴി​ലെ ആദ്യ ത്രീഡി സിനിമയുടെ ഭാഗമായും വിജയകാന്ത് മാറി. 90കളിൽ തന്റെ സിനിമകളിൽ രാജ്യ​സ്നേഹം ആവോളം ചേർക്കാൻ വിജയകാന്ത് തീരുമാനിച്ചു. രാഷ്ട്രീയത്തിലിറങ്ങാൻ പദ്ധതിയുണ്ടായിരുന്ന വിജയകാന്ത് തന്റെ ആശയങ്ങളെ പ്രകടിപ്പിക്കുന്നതിനുള്ള മാർഗമായി സിനിമയെ മാറ്റി. എന്നാൽ, 2000ത്തോടെ റിയലിസത്തിന്റെ അംശം ഒട്ടുമില്ലാത്ത സിനിമകളിലാണ് വിജയകാന്ത് അഭിനയിച്ചത്. ഇത് പലപ്പോഴും വലിയ വിമർശനങ്ങൾക്കും കാരണമായി.

2005ൽ ദേശീയ മുർപോക് ദ്രാവിഡ കഴകം(ഡി.എം.ഡി.കെ) എന്ന പാർട്ടി രുപീകരിച്ചായിരുന്നു വിജയകാന്തിന്റെ തമിഴ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. എ.ഐ.എ.ഡി.എം.കെയുടെ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്തിയ വിജയകാന്തിന് തമിഴ് രാഷ്ട്രീയത്തിൽ വലിയ ഭാവിയുണ്ടെന്ന് എല്ലാവരും പ്രവചിച്ചു. 2001 മുതൽ 2006 വരെയുള്ള കാലയളവിൽ ജയലളിതക്ക് സംഭവിച്ച വലതുപക്ഷ വ്യതിയാനത്തെ മുതലാക്കിയാണ് വിജയകാന്തിന്റെ ഡി.എം.ഡി.കെ തമിഴ് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്.

2006ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 234 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒന്നിൽ മാത്രമാണ് വിജയിക്കാനായത്. എങ്കിലും 8.38 ശതമാനം വോട്ടുകൾ നേടാനായത് വിജയകാന്തിനെ സംബന്ധിച്ചിടത്തോളം നേട്ടമായി. 2009 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലും മുഴുവൻ സീറ്റിലും മത്സരിച്ചുവെങ്കിലും ഒന്നിൽ പോലും ജയിക്കാനായില്ല. തുടർന്ന് 2011ലെ തെരഞ്ഞെടുപ്പിൽ ഡി.എം.കെക്ക് എതിരായ ജനവികാരം മുതലക്കാൻ എ.ഐ.ഡി.എം.കെ, ഇടതുപാർട്ടികൾ എന്നിവക്കൊപ്പം ചേർന്നായിരുന്നു വിജയകാന്ത് മത്സരിച്ചത്. 40 സീറ്റിൽ വിജയിക്കാൻ കഴിഞ്ഞത് വിജയകാന്തിന് നേട്ടമായി. ഇതിനിടെ എം.എൽ.എമാർ മറുകണ്ടം ചാടിയത് വിജയകാന്തിന് തിരിച്ചടിയായി. പിന്നീട് തമിഴ് രാഷ്ട്രീയത്തിൽ കാര്യമായ ചലനങ്ങളുണ്ടാക്കാൻ വിജയകാന്തിന് സാധിച്ചില്ല.

Tags:    
News Summary - Vijayakanth is a captain in politics and cinema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.