ന്യുഡൽഹി: വനിത ഗുസ്തി താരങ്ങളെ പരിശീലകർ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണവുമായി ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശർമ്മയും ചൂഷണത്തിനിരയാക്കിയെന്ന് വിനേഷ് പറഞ്ഞു. ദേശീയ കാമ്പുകളിൽ പരിശീലകർ ഗുസ്തിതാരങ്ങളെ ലൈംഗിക ചൂഷണത്തിനിരയാക്കി. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ചൂഷണം ചെയ്തു. വർഷങ്ങളോളം വനിത ഗുസ്തിതാരങ്ങൾ ചൂഷണത്തിനിരയായെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു.
എനിക്കറിയാവുന്ന 20ഓളം പെൺകുട്ടികൾ ചൂഷണത്തിനിരയായി. ഇപ്പോൾ ഇത് പറയാൻ കാരണം നാളെ താൻ ജീവിച്ചിരിക്കുമോയെന്ന് ഉറപ്പില്ലാത്തതിനാലാണ്. ഗുസ്തി ഫെഡറേഷൻ വളരെ ശക്തമാണെന്ന് അവർ പറഞ്ഞു. റസ്‍ലിങ് ഫെഡറേഷന്റെ വിവേചനപരമായ നയങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ജന്ദർമന്ദിറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കവെയാണ് അവരുടെ പ്രതികരണം. വിനേഷ് ഫോഗട്ടിനെ കൂടാതെ സാക്ഷി മാലിക്, സംഗീത ഫോഗട്ട്, ബജ്രംഗ്, സോനം മാലിക്, അൻഷു എനിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.
ഞങ്ങളുടെ പ്രതിഷേധം ഗുസ്തി ഫെഡറേഷനെതിരെയല്ല. അതിന്റെ പ്രവർത്തനരീതിക്കെതിരായാണ്. ഗുസ്തിതാരങ്ങളുടെ ക്ഷേമം മുൻനിർത്തിയാണ് പ്രതിഷേധം. ഇതിൽ രാഷ്ട്രീയമില്ല. ഒരു രാഷ്ട്രീയ നേതാവ് പോലും ഇവിടെ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്നില്ലെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. കുറേക്കാലമായി ഞങ്ങൾ നിശബ്ദയിലായിരുന്നു. ഇനിയും ഇങ്ങനെ തുടരാനാവില്ല. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ഗുസ്തിതാരങ്ങളൊന്നും നാഷണൽ, ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കില്ലെന്നും ഫോഗട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.