പെരുമാറ്റച്ചട്ട ലംഘനം; പ്രധാനമന്ത്രി മോദിക്കെതിരെ ഇലക്ഷൻ കമീഷനെ സമീപിക്കുമെന്ന് കോൺഗ്രസ്



ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയുടെ അനുമതിയില്ലാതെ പ്രധാനമന്ത്രി ഗ്രാമീണ കല്യാൺ അന്ന യോജന (പി.എം.ജി.കെ.എ.വൈ) അടുത്ത അഞ്ച് വർഷത്തേക്ക് നീട്ടുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

രാജ്യത്തെ 80 കോടി ജനങ്ങൾക്ക് വേണ്ടിയുള്ള പി.എം.ജി.കെ.എ.വൈ വിപുലീകരണത്തിന് തങ്ങൾ എതിരല്ലെന്നും എന്നാൽ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ വ്യക്തമായ ലംഘനമാണ് പ്രധാനമന്ത്രി നടത്തിയതെന്നും കോൺഗ്രസ് പറഞ്ഞു.

ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഇതു സംബന്ധിച്ച് ഇലക്ഷൻ കമീഷനെ സമീപിക്കാനാണ് തീരുമാനം. കഴിഞ്ഞദിവസം പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് രംഗത്തു വന്നിരുന്നു. നിരാശനായ ഒരു പ്രധാനമന്ത്രി ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന അഞ്ച് വർഷത്തേക്ക് കൂടി നീട്ടുന്നതായി പ്രഖ്യാപിച്ചു. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ്.

ആദ്യം മോദി പ്രഖ്യാപിക്കുന്നു. പിന്നെ മന്ത്രിസഭയുടെ അംഗീകാരം നേടുന്നു, ഇതാണ് നടന്നു വരുന്നതെന്ന് ജയ്റാം രമേശ് ‘എക്‌സി’ൽ പറഞ്ഞു. കേന്ദ്രത്തിന്റെ സൗജന്യ റേഷൻ പദ്ധതിയായ പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജന അഞ്ച് വർഷത്തേക്ക് കൂടി നീട്ടുമെന്ന് നവംബർ നാലിനാണ് മോഡി പ്രഖ്യാപിച്ചത്.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ ശനിയാഴ്ച ഛത്തീസ്ഗഡിലെ ദുർഗിൽ നടന്ന പൊതുയോഗത്തിലാണ് മോഡി പദ്ധതി നീട്ടുന്നത് സംബന്ധിച്ച് പ്രസ്താവന ഇറക്കിയത്. പിന്നീട് മധ്യപ്രദേശിലെ രത്‌ലാമിൽ നടന്ന ബി.ജെ.പി റാലിയിലും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചു. കോവിഡ് പകർച്ചവ്യാധിയുടെ കാലത്താണ് പദ്ധതി ആരംഭിച്ചത്. ഇതു വോട്ടു നേടാനുള്ള കുറുക്കു വഴിയാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

Tags:    
News Summary - Violation of Code of Conduct; Congress will approach the Election Commission against PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.