മുംബൈ: രാജ്യത്ത് ഐ.പി.എൽ നിർത്തിയപ്പോൾ അതുവരെയും ബാംഗ്ലൂർ ടീമിനെ നയിച്ച് മൈതാനത്തുണ്ടായിരുന്ന സൂപർ താരം വിരാട് കോഹ്ലിക്ക് പുതിയ ദൗത്യം. മുംബൈയിൽ കോവിഡ് ബാധിതർക്ക് സമാശ്വാസമെത്തിക്കുകയെന്ന ശ്രമകരമായ ഉത്തരവാദിത്വമാണ് സ്വയം ഏറ്റെടുത്ത് കോഹ്ലി ഇറങ്ങിയത്. പത്നിയും ബോളിവുഡ് താരവുമായ അനുഷ്കയുമൊത്ത് സ്ഥാപിച്ച ഫൗണ്ടേഷന്‍റെ ബാനറിലാണ് കോവിഡ് കാല സമാശ്വാസ പ്രവർത്തനങ്ങൾ നടത്തുക.
ബയോ ബബ്ളിൽ സുരക്ഷിതമെന്നു കരുതിയിരുന്ന ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആദ്യം കൊൽക്കത്ത താരങ്ങളായ വരുൺ ചക്രവർത്തി, സന്ദീപ് വാര്യർ എന്നിവർക്കും പിന്നീട് ചെന്നൈ ബൗളിങ് കോച്ച് ബാലാജി, ബാറ്റിങ് കോച്ച് മൈക് ഹസി എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു. പിറകെ ഹൈദരാബാദ് നിരയിൽ വൃദ്ധിമാൻ സാഹ, ഡൽഹി താരം അമിത് മിശ്ര എന്നിവരും കോവിഡ് ബാധിതരായി. കൂടുതൽ പേരിലേക്ക് അതിവേഗം പടരുമെന്ന് കണ്ട് അടിയന്തരമായി കളി നിർത്തിവെക്കുകയായിരുന്നു. വിദേശ താരങ്ങളിൽ പലരും നാട്ടിലേക്ക് മടങ്ങി. അവശേഷിച്ചവരെ നാട്ടിലെത്തിക്കാൻ തിരക്കിട്ട ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് അവധിക്കാലം മാറ്റിവെച്ച് കോവിഡ് രക്ഷാപ്രവർത്തനങ്ങളുമായി കോഹ്ലി ഇറങ്ങിയത്. ഇതിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമം വഴി പങ്കുവെച്ചിരുന്നു. കൂടെയുണ്ടാകുമെന്ന് അനുഷ്കയും വിഡിയോ സന്ദേശത്തിൽ അറിയിച്ചു.
വാർത്തയും ചിത്രങ്ങളും പുറത്തെത്തിയതോടെ ആരാധകർ പിന്തുണയുമായി സമൂഹ മാധ്യമങ്ങളിൽ രംഗത്തെത്തിയിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.