file
ന്യൂഡൽഹി: വഖഫ് സ്വത്തുക്കൾ പിടിച്ചടക്കാനും നിയന്ത്രിക്കാനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭരണഘടനാ വിരുദ്ധമായ വഖഫ് ബിൽ പ്രതിപക്ഷത്തെ വീണ്ടും ഒന്നിപ്പിച്ചു. ഏറെ കാലമായി നടക്കാതിരുന്ന ഇൻഡ്യ സഖ്യത്തിന്റെ ഒന്നിച്ചുള്ള ഇരുത്തത്തിനും വഖഫ് ബിൽ നിമിത്തമായപ്പോൾ പ്രതിപക്ഷത്തിന്റെ നായകത്വം വീണ്ടും ദലിത് നേതാവായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയിൽ വന്നുചേരുന്നതാണ് രാജ്യ തലസ്ഥാനം കണ്ടത്.
ബിൽ പാസാക്കി പാർലമെന്റ് സമ്മേളനം അവസാനിപ്പിക്കാനായി വെള്ളിയാഴ്ച സഭ ചേർന്നപ്പോൾ ഏറെ കാലമായി കേൾക്കാതിരുന്ന ജയ് ശ്രീറാം വിളികളുമായി ആഘോഷിക്കാൻ എത്തിയ ഭരണപക്ഷ ബെഞ്ചുകൾക്ക് മുന്നിൽ നെഞ്ചുവിരിച്ച് നിന്ന് ജയ് ഭീം എന്ന് അത്യുച്ചത്തിൽ വിളിച്ചുകൊടുത്തതോടെ ഭരണപക്ഷത്തെ ജയ് ശ്രീറാം വിളികളും നിലച്ചു. വഖഫ് ബില്ലിനെ ഒറ്റക്കെട്ടായി നേരിട്ട പോരാട്ട വീര്യം ചോർന്നിട്ടില്ലെന്ന് പാർലമെന്റ് പിരിയുന്ന നാളിലും ഖാർഗെ കാണിച്ചു കൊടുത്തു. ഒടുവിൽ പാർലമെന്റ് കഴിഞ്ഞയുടൻ സുപ്രീംകോടതിയിൽ വിഷയമെത്തിച്ച് നിയമ പോരാട്ടത്തിലും ഖാർഗെ തന്റെ പാർട്ടിയെ ഇൻഡ്യ കക്ഷികൾക്ക് മുന്നിൽ നിർത്തി.
രാജ്യത്തെ ഏറ്റവും പ്രബലമായ ന്യൂനപക്ഷത്തിന്റെ അതിജീവനവുമായി ബന്ധപ്പെട്ട വിഷയം ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷണ വിഷയമാക്കി മാറ്റിയാണ് വഖഫ് ബില്ലിൽ ഇൻഡ്യ കക്ഷികളെ ഖാർഗെ ഒരേ ചരടിൽ കോർത്തത്. ആ തരത്തിൽ വിഷയത്തെ സമീപിക്കണമെന്ന നിലപാടിൽ ഇടതുപക്ഷവും ഖാർഗെയോട് യോജിച്ചു. മുസ്‍ലിം പ്രശ്നമാക്കി വഖഫിനെ നിലനിർത്തി മുസ്‍ലിംകൾക്കെതിരായ നീക്കത്തിലൂടെ ഹിന്ദു ധ്രുവീകരണം സാധ്യമാക്കുകയെന്ന അജണ്ട തടയുക കൂടിയായിരുന്നു ഇതിന്റെ ലക്ഷ്യം.
വഖഫ് ബില്ലിൽ സംസാരിക്കേണ്ടത് ഓരോ പാർട്ടിയിലെയും മുസ്‍ലിം എം.പിമാർ മാത്രമല്ലെന്നും മറിച്ച് ഓരോ പാർട്ടിയിലുമുള്ള വിവിധ മതവിഭാഗക്കാരായ എം.പിമാരും വഖഫ് ബില്ലിനെ ഇരുസഭകളിലും എതിർത്ത് സംസാരിക്കണമെന്ന് തീരുമാനിച്ചത് കോൺഗ്രസ് അക്ഷരം പ്രതി നടപ്പാക്കി. അതോടെ കോൺഗ്രസ് ചർച്ചക്ക് തുടക്കമിടാൻ വഖഫ് ഭംഗിയായി പഠിച്ച ഗൗരവ് ഗോഗോയിയെ ഇറക്കി. അത് കഴിഞ്ഞ് വഖഫ് ജെ.പി.സിയിലുള്ള മുസ്‍ലിം എം.പിമാരായ ഇംറാൻ മസൂദിനും മുഹമ്മദ് ജാവേദിനുമൊപ്പം സംഘടനാ സെക്രട്ടറി കെ.സി വേണുഗോപാലും ഹൈബി ഈഡനും അമരീന്ദർ സിങ്ങും വഖഫ് സംരക്ഷണത്തിനായി ശബ്ദിച്ചു. ഇൻഡ്യസഖ്യത്തിലും മുസ്‍ലിം എം.പിമാർക്ക് പകരം കല്യാൺ ബാനർജിയും എ. രാജയും തിരുച്ചി ശിവയും സഞജയ് സിങ്ങുമെല്ലാമിറങ്ങി.
മുനമ്പം ഉയർത്തിക്കാണിച്ച് വഖഫ് ബില്ലിന് ജന പിന്തുണ നേടാനുള്ള ബി.ജെ.പി അജണ്ടയിൽ കുടുങ്ങിയ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മർദത്തെ അതിജയിക്കാനും ഖാർഗെയുടെ നേതൃത്വത്തിൽ കോൺഗ്രസിനായി. മുനമ്പം ഉപയോഗിച്ച് കോൺഗ്രസിനെ നിർവീര്യമാക്കാൻ ബിഷപ്പുമാരെ ഉപയോഗിച്ച് കൃസ്ത്യൻ എം.പിമാരെ സമ്മർദത്തിലാക്കിയ ബി.ജെ.പി അജണ്ടയെയും പാർട്ടിയും ഇൻഡ്യ മുന്നണിയും മറികടന്നത് മല്ലികാർജുൻ ഖാർഗെയെ പോലൊരാൾ നയിക്കാനുണ്ടായത് കൊണ്ടാണ്. വഖഫ് ബിൽ പാസായാൽ മുനമ്പം പരിഹൃതമാവില്ലെന്ന് ബിഷപ്പുമാരോടും കൃസ്ത്യൻ സമുദായത്തോടും തിരിച്ചുപറഞ്ഞുകൊടുക്കുന്ന കൃസ്ത്യൻ എം.പിമാരെയാണ് ഇൻഡ്യ സഖ്യം പിന്നീട് കണ്ടത്. കൃസ്തീയ സമുദായത്തെ ബി.ജെ.പിയുടെ കെണിയിൽപ്പെടുത്തുന്നവർക്കുള്ള മുന്നറിയിപ്പാണ് ഇൻഡ്യ സഖ്യത്തിലെ കൃസ്ത്യൻ എം.പിമാരിൽ നിന്ന് പോലും പാർലമെന്റ് പിന്നീട് കേട്ടത്.
ഈ വിഷയത്തിൽ ഇൻഡ്യ സഖ്യം ഒറ്റക്കെട്ടായതോടെ തങ്ങൾ രാഷ്ട്രീയമായി ഒറ്റപ്പെടുമെന്ന് കണ്ട് കേരളത്തിൽ എൽ.ഡി.എഫിനും യു. ഡി.എഫിനും ഒപ്പം നിൽക്കുന്ന ഇരു കേരള കോൺഗ്രസുകൾക്കും കത്തോലിക്കാ ബിഷപ്പുമാർ അനുകുലിച്ചു വോട്ടു ചെയ്യാൻ പറഞ്ഞ വഖഫ് ബില്ലിന് എതിരെ വോട്ടു ചെയ്യാൻ നിർബന്ധിതരായി.
ഫ്രാൻസിസ് ജോർജ് ലോക്സഭയിലും ജോസ് കെ. മാണി രാജ്യസഭയിലും ബില്ലിനെ എതിർത്ത് വോട്ടു ചെയ്തു. അത് മൂലം കത്തോലിക്കാ ബിഷപ്പുമാർ തങ്ങളോട് പിണങ്ങാതിരിക്കാനാണ് ജോസ് കെ. മാണി എതിർത്തുവോട്ടു ചെയ്യുമ്പോഴും വഖഫ് ബില്ലിന്റെ കാര്യത്തിൽ താൻ ബിഷപ്പുമാർക്ക് ഒപ്പമാണ് എന്ന് പ്രഖ്യാപിച്ചത്. ഒന്നുകിൽ ബി.ജെ.പിക്കൊപ്പം അല്ലെങ്കിൽ തങ്ങൾക്കൊപ്പം എന്ന് ഇൻഡ്യ വരച്ച വരയിൽ കേരള കോൺഗ്രസിനെ നിർത്താൻ വഖഫ് ബില്ലിൽ ഖാർഗെക്കും ഇൻഡ്യക്കും കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.