ബംഗളൂരു: ശിരോവസ്ത്ര വിഷയം സൗഹാർദപരമായി പരിഹരിക്കണമെന്ന് കർണാടക വഖഫ് ബോർഡ് ചെയർമാൻ എൻ.കെ. മുഹമ്മദ് ഷാഫി സഅദി പറഞ്ഞു. ഉഡുപ്പിയിലെ ഖാദിമാരും പണ്ഡിതരും പ്രശ്നപരിഹാരത്തിന് ഇടപെടണം. പ്രശ്നം അതിരുകവിഞ്ഞിരിക്കുകയാണെന്നും ഉഡുപ്പി ഗവ. വനിത പി.യു. കോളജിൽ പ്രശ്നം ആരംഭിച്ചപ്പോൾ തന്നെ അത് പരിഹരിക്കപ്പെടണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിഷയം ഇത്രത്തോളം ഉയർത്തിക്കൊണ്ടുവന്നതിൽ ഇരു സമുദായത്തിലെയും സാമൂഹികദ്രോഹികൾക്ക് പങ്കുണ്ട്.
സംസ്ഥാനത്തെ ശാന്തിയും സമാധാനവും കവരുന്ന പ്രശ്നത്തിൽ നിക്ഷിപ്ത താൽപര്യക്കാർ നേട്ടംകൊയ്യുന്നത് തടഞ്ഞ് ഐകകണ്ഠ്യേന പരിഹാരം കാണണം. മഹാകവി കുവെമ്പു സൂചിപ്പിച്ച 'സർവ ജനാംഗദ ശാന്തിയ തോട്ട'ക്കായി പ്രവർത്തിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്ര വിവാദം ഉയർന്നത് ദൗർഭാഗ്യകരമാണ്.
സാമൂഹിക സൗഹാർദം തകർക്കാൻ അക്രമികളെ അനുവദിക്കരുത്. അത്തരം ശ്രമങ്ങൾക്കുനേരെ നിശ്ശബ്ദത പാലിക്കാനാവില്ല. ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തിൽ എല്ലാ മതക്കാരും പ്രവർത്തിക്കുന്ന സൗഹൃദ കർണാടകയാണ് നമുക്ക് വേണ്ടത്.
എല്ലാ മതനേതാക്കളുടെയും യോഗം വിളിച്ചതായും സിദ്ധഗംഗ മഠാധിപതി സിദ്ധലിംഗ സ്വാമിയുമായി സംസാരിച്ചതായും ചൂണ്ടിക്കാട്ടിയ ചെയർമാൻ, ബംഗളൂരുവിൽ പെജാവർ മഠാധിപതി വിശ്വപ്രസന്ന തീർഥ സ്വാമിയുമായി വൈകാതെ ചർച്ച നടത്തുമെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.