പട്ന: ബി.െജ.പിയുടെ പിന്തുണയോടെ നിതീഷ് കുമാറിനെ സർക്കാറുണ്ടാക്കാൻ ക്ഷണിച്ച ബിഹാർ ഗവർണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ലാലു പ്രസാദ് യാദവ്. ആർ.ജെ.ഡിയാണ് ബിഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നിരിക്കെ തങ്ങളെയായിരുന്നു ഗവർണർ കേസരിനാഥ് ത്രിപാഠി സർക്കാറുണ്ടാക്കാൻ ക്ഷണിക്കേണ്ടത് എന്നാണ് ലാലുവിന്‍റെ വാദം. ഇതിനെതിരെയാണ് ലാലു പ്രസാദ് കോടതിയെ സമീപിക്കുന്നത്. വ്യക്തമായ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും തങ്ങളുടെ നീക്കമെന്നും ലാലു പറഞ്ഞു. നിതീഷ് കുമാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം തിടുക്കത്തിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ആർ.ജെ.ഡി അധ്യക്ഷനായ ലാലു പ്രസാദ് യാദവ് ഇക്കാര്യം അറിയിച്ചത്.
അധികാരം നിലനിർത്താൻവേണ്ടിയാണ് നിതീഷ് ബി.ജെ.പിയോടൊപ്പം ചേർന്നത്. നിതീഷ് വഞ്ചകനും അവസരവാദിയുമാണെന്നും ലാലു പറഞ്ഞു.
2015ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജെ.ഡി.യു, ആർ.ജെ.ഡി, കോൺഗ്രസ് എന്നീ പാർട്ടികൾ ചേർന്ന് രൂപീകരിച്ച മഹാസഖ്യം ബി.ജെ.പിയെ തോൽപ്പിച്ച് വമ്പിച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. താൻ പറഞ്ഞതുകൊണ്ട് മാത്രമാണ് അന്ന് നിതീഷ് മുഖ്യമന്ത്രിയായതെന്നും ലാലു പറഞ്ഞു.
വ്യാജമായ അഴിമതി രഹിത പ്രതിച്ഛായയുണ്ടാക്കി പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിലേക്ക് തന്നെത്തന്നെ അവതരിപ്പിക്കുയാണ് നിതീഷ്. ഇതായിരുന്നു ആഗ്രഹമെങ്കിൽ താൻ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുകയില്ലായിരുന്നുവെന്നും ലാലു പറഞ്ഞു. നിതീഷിന് 71 എം.എൽ.എമാർ മാത്രമാണുള്ളത്.
ആർ.ജെ.ഡിയെ ഒതുക്കാനായി ബി.ജെ.പിയും ജെ.ഡി.യുവും തമ്മിൽ വളരെ നാളുകളായി ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും ലാലു ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.