ന്യൂഡൽഹി: പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിൽ പാക് ഡ്രോൺ ഉപേക്ഷിച്ച നിലയിൽ ചൈനീസ് പിസ്റ്റളുകൾ അടക്കമുള്ള ആയുധങ്ങൾ കണ്ടെത്തി. ഡ്രോൺ ഉപേക്ഷിച്ച ആയുധശേഖരത്തിൽ നാല് ചൈനീസ് നിർമ്മിത പിസ്റ്റളുകൾ പിടിച്ചെടുത്തതായി ബുധനാഴ്ച അതിർത്തി രക്ഷാ സേനയാണ് (ബിഎസ്എഫ്) അറിയിച്ചത്.
കനത്ത മൂടൽമഞ്ഞിന്‍റെ മറവിലാണ് അജ്ഞാത സംഘം ആയുധം രാജ്യത്തേക്ക് കടത്തിയതെന്ന് സൈന്യം വ്യക്തമാക്കി. പാകിസ്താൻ അതിർത്തി ഭാഗത്ത് നിന്ന് ഡ്രോൺ ശബ്ദം കേട്ട ഉടൻ തന്നെ ബിഎസ്എഫ് ആ ദിശയിലേക്ക് വെടിയുതിർത്തു. വെടിവെയ്പിൽ ഉഞ്ച തകാല ഗ്രാമ പ്രദേശത്ത് എന്തോ വീഴുന്ന ശബ്ദം കേട്ടെന്ന് ബിഎസ്എഫ് പ്രസ്താവനയിൽ പറഞ്ഞു.
പ്രാഥമിക തിരച്ചിലിൽ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള കൃഷിയിടത്തിൽ തടികൊണ്ട് നിർമ്മിച്ച ഒരു പെട്ടി കിടക്കുന്നതായി സൈന്യം കണ്ടെത്തി. അതിൽ നാല് പിസ്റ്റളുകളും ഒപ്പം വെടിയുണ്ടകളും മറ്റും ബിഎസ്എഫ് കണ്ടെടുത്തു. 3,323 കിലോമീറ്റർ ഇന്ത്യ-പാക് അതിർത്തി കാക്കുന്ന ബിഎസ്എഫ്, പ്രദേശത്ത് വിശദമായ തിരച്ചിൽ പുരോഗമിക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്. ആയുധങ്ങൾ പിടിച്ചെടുത്ത പശ്ചാത്തലത്തിൽ സൈന്യം നിരീക്ഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.