''ഹിന്ദുക്കളാണ് ഞങ്ങൾ, ഒരിക്കലും തെറ്റ് ചെയ്യില്ല'' -വിവാദ പരാമർശവുമായി ബിൽകീസ് ബാനു ബലാത്സംഗക്കേസ് പ്രതികൾ

അഹ്മദാബാദ്: തങ്ങൾ ഹിന്ദുവാണെന്നും അതിനാൽ തെറ്റ് ചെയ്യില്ലെന്നും നിരപരാധികളാ​ണെന്നും 2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ​​ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത പ്രതികൾ. കലാപത്തിനിടെ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത 11പ്രതികളെ നല്ല നടപ്പിന്റെ പേരിൽ ശിക്ഷ കാലാവധി പൂർത്തിയാകുന്നതിനു മുമ്പ് ഗുജറാത്ത് സർക്കാർ വിട്ടയച്ചിരുന്നു.

അതിലൊരാളായ രാധേശ്യാം ഷാ ബിൽകീസ് ബാനു താമസിച്ചിരുന്ന വീടിനു സമീപം പടക്കക്കട നടത്തുകയാണ്. ദീപാവലിയോടനുബന്ധിച്ചാണ് കച്ചവടം തുടങ്ങിയത്. സംഭവം നടന്ന അന്നു രാത്രി, അതായയ് 2002ൽ വീടുവിട്ടു പോയതാണ് ബിൽകീസ് ബാനുവും കുടുംബവും. പിന്നീടിതു വരെ തിരിച്ചെത്തിയിട്ടില്ല. അവരുടെ വീട് വാടകക്ക് കൊടുത്തിരിക്കുകയാണ്. ഒരു ഹിന്ദുകുടുംബം അത് വസ്ത്രക്കടയായി മാറ്റുകയും ചെയ്തു.

''ഞങ്ങൾ ഹിന്ദുക്കളാണ്. നിരപരാധികളും. ഒരാളെ ആൾക്കൂട്ടത്തിന്റെ മുന്നിലിട്ട് അമ്മാവനും മരുമകനും ബലാൽസംഗം ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ഹിന്ദു സമുദായത്തിൽ അങ്ങനെയൊന്ന് നടക്കുമോ? ഇല്ല, ഹിന്ദുക്കൾ അങ്ങനെ ചെയ്യില്ല​''-ജയിൽ മോചിതനായ മറ്റൊരു പ്രതി ഗോവിന്ദ നായ് വാദിക്കുന്നു.  മറ്റൊരു പ്രതിയായ രാജുബായ് ജ്വല്ലറി കട നടത്തുകയാണ്. എൻ.ഡി.ടി.വിക്കു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികളുടെ പരാമർശം. 


ബലാത്സംഗം നടക്കുമ്പോൾ 21 വയസായിരുന്നു ബിൽകീസ് ബാനുവിന്റെ പ്രായം. അഞ്ചുമാസം ഗർഭിണിയായിരുന്നു അവരപ്പോൾ. അവരുടെ മൂന്ന് വയസുള്ള മകൾ ഉൾപ്പെ​ടെ 14 പേരെയാണ് അക്രമി സംഘം കൊലപ്പെടുത്തിയത്. 20വർഷം മുമ്പ് നടന്ന ക്രൂരമായ അതിക്രമത്തിന്റെ ആഘാതത്തിൽ നിന്ന് ബിൽകീസ് ബാനു ഇപ്പോഴും മോചിതയായിട്ടില്ല. എന്നാൽ നല്ല നടപ്പിന് ഗുജറാത്ത് സർക്കാർ വിട്ടയച്ച പ്രതികൾ സാധാരണജീവിതം നയിക്കുകയാണ്.

പ്രതികളെ വിട്ടയക്കാനുള്ള നീതിരഹിതമായ തീരുമാനം കൈക്കൊള്ളുമ്പോൾ തന്റെ സുരക്ഷിതത്വത്തെ കുറിച്ചോ നിലവിലെ അവസ്ഥയെ കുറിച്ചോ ആരും അന്വേഷിച്ചിട്ടില്ല. ഇത്തരമൊരു നടപടി സ്വീകരിക്കരുതെന്ന് അപേക്ഷിച്ചിട്ടും ആരും കേട്ടില്ല-ബിൽകീസ് ബാനു പറയുന്നു. പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയിൽ ചില സംഘടനകളും വ്യക്തികളും പൊതുതാൽപര്യ ഹരജികൾ നൽകിയിട്ടുണ്ട്.

Tags:    
News Summary - We're Innocent because hindus...- bilkis bano rapists back to normal life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.