കൊൽക്കത്ത: സംസ്ഥാന നിയമസഭ നിർത്തിവെച്ച് പശ്ചിമബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ. ഭരണഘടനയിലെ സവിശേഷാധികാരം ഉപയോഗിച്ച് അടിയന്തര പ്രധാന്യത്തോടെ നിയമസഭ നിർത്തിവെച്ചു എന്ന് ട്വിറ്ററിലൂടെയാണ് ഗവർണർ അറിയിച്ചത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 174ലെ ക്ലോസ് (രണ്ട്) ലെ ഉപവകുപ്പ് (എ) എനിക്ക് നൽകിയിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ച്, പശ്ചിമ ബംഗാൾ സംസ്ഥാന ഗവർണറായ ജഗ്ദീപ് ധൻഖർ എന്ന ഞാൻ, 2022 ഫെബ്രുവരി 12 മുതൽ അടിയന്തര പ്രാധാന്യത്തോടെ നിയമസഭ നിർത്തിവെക്കുന്നു എന്നാണ് ജഗ്ദീപ് ധൻകർ ട്വീറ്റ് ചെയ്തത്. രാജ്ഭവനും മമത ബാനർജി സർക്കാറും തമ്മിലുള്ള ശീതസമരം തുടരുന്നതിനിടെയുള്ള രാജ്ഭവന്റെ അപ്രതീക്ഷിത നീക്കം പല അഭ്യൂഹങ്ങൾക്കും ഇടയാക്കി. തൊട്ടു പിന്നാലെ ഗവർണർ തന്നെ മറ്റൊരു ട്വീറ്റിലൂടെ വിശദീകരണവുമായി രംഗത്തെത്തി.
മമത ബാനർജി സർക്കാറിന്‍റെ ശിപാർശ പ്രകാരമാണ് നിയമസഭ നിർത്തിവെച്ചതെന്ന് രണ്ടാമത്തെ ട്വീറ്റിൽ ഗവർണർ വ്യക്തമാക്കി. സർക്കാറിന്‍റെ ശുപാർശ പ്രകാരമാണ് നടപടിയെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥനും അറിയിച്ചു. വരുന്ന സമ്മേളനത്തില്‍ ഗവർണർക്കെതിരെ പ്രമേയം കൊണ്ടുവരുമെന്ന് നേരത്തെ തന്നെ തൃണമുൽ വൃത്തങ്ങൾ അറിയിച്ചിരുന്നു.
ധൻകറെ ഗവർണർ സ്ഥാനത്തു നീക്കണമെന്ന് ആവശ്യപ്പെട്ട് ടി.എം.സി എം.പി സുകേന്ദു ശേഖർ റായ് കഴിഞ്ഞ ദിവസം രാജ്യസഭയിൽ പ്രമേയവും കൊണ്ടുവന്നിരുന്നു. രാഷ്ട്രപതി ഗവർണറെ നീക്കാൻ ഇടപെടണം എന്നായിരുന്നു ആവശ്യം. ഈ സാഹചര്യത്തിൽ ബജറ്റ് സെഷനു തൊട്ടുമുമ്പെത്തിയ ഗവർണറുടെ തീരുമാനമാണ് അഭ്യൂഹങ്ങൾക്കിടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.