ബംഗാളിൽ അരാജക സാഹചര്യം; രാഷ്ട്രപതി ഇടപെടണമെന്ന് അധിർ ചൗധരി; കത്തെഴുതി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അരാജക സാഹചര്യമാണെന്നും ക്രമസമാധാന നില പുനഃസ്ഥാപിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തെഴുതി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അധിർ രഞ്ജൻ ചൗധരി.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ അതിക്രമങ്ങളും പാർട്ടി പ്രവർത്തകർക്ക് നേരെയുണ്ടായ അക്രമങ്ങളും ചൗധരി കത്തിൽ സൂചിപ്പിച്ചു. ഇൻഡ്യ സഖ്യത്തിനൊപ്പമുള്ള തൃണമൂൽ കോൺഗ്രസിന്‍റെ നിശിത വിമർശകനാണ് മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ ചൗധരി. ‘പശ്ചിമ ബംഗാളിൽ ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന് ദയവായി നിങ്ങൾ ഇടപെടണം. പ്രതിപക്ഷ പാർട്ടി പ്രവർത്തകരോടുള്ള ഭരണകക്ഷിയുടെ (തൃണമൂൽ കോൺഗ്രസ്) ക്രൂര സമീപനം മൂലം സംസ്ഥാനത്ത് നിലനിൽക്കുന്ന അരാജക സാഹചര്യം അസ്വസ്ഥതയും കടുത്ത വേദനയുമുണ്ടാക്കുന്നു’ -അധിർ രാഷ്ട്രപതിക്ക് അയച്ച കത്തിൽ പറയുന്നതായി വാർത്ത ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

നിരവധി നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഭരണ സംവിധാനത്തിന്റെ കൂടി ഇടപെടലിനെ തുടർന്ന് നിരവധി പേർക്ക് ജോലിയും ഉപജീവന മാർഗവും നഷ്ടമായി. നിരവധി പേരെ അന്യായമായി തടവിലാക്കി. തെരഞ്ഞെടുപ്പിനുശേഷവും അക്രമം തുടരുകയാണ്. സംസ്ഥാനത്ത് നിലനിൽക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. ജനങ്ങൾക്ക് നീതി ഉറപ്പാക്കാൻ രാഷ്ട്രത്തലവൻ എന്ന നിലയിൽ ഇടപെടണമെന്ന് രണ്ടുപേജുള്ള കത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബഹരാംപുർ മണ്ഡലത്തിൽ ടി.എം.സി സ്ഥാനാർഥിയും ക്രിക്കറ്റ് താരവുമായ യൂസുഫ് പത്താനോട് 85,000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് അധിർ പരാജയപ്പെട്ടിരുന്നു.

Tags:    
News Summary - ‘West Bengal in anarchy’: Adhir Chowdhury seeks President's intervention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.