ലഖ്നോ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മുന്നോടിയായി രാഹുൽ ഗാന്ധി അമേത്തിയിൽ സംഘടിപ്പിച്ച പദയാത്രയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. കോവിഡിന്‍റെ രണ്ടാം തരംഗത്തിലെ മരണനിരക്കും വിലക്കയറ്റവുമായിരുന്നു ബി.ജെ.പിക്കെതിരായ പ്രധാന വിമർശന ആയുധം.
കോവിഡിന്‍റെ ഒന്നാം തരംഗത്തിൽ ബി.ജെ.പി എന്തുചെയ്തു? ഓക്സിജൻ സിലിണ്ടറിന്‍റെ ലഭ്യതക്കുറവിന് കാരണം ബി.ജെ.പിയാണെന്നും രണ്ടാം തരംഗത്തിലെ കോവിഡ് മരണങ്ങൾക്ക് കാരണം ഓക്സിജന്റെ ലഭ്യതക്കുറവാണെന്നും പ്രിയങ്ക പറഞ്ഞു.
ഇന്ത്യയിൽ കോൺഗ്രസ് 74 വർഷക്കാലം ഭരിച്ചിട്ടും ഒന്നും ചെയ്തില്ലെന്ന ബി.ജെ.പിയുടെ വിമർശനങ്ങൾക്കെതിരെയും പ്രിയങ്ക രംഗത്തെത്തി. 'ഏഴുവർഷം അമേത്തിയിൽ (ബി.ജെ.പി) സർക്കാർ എന്ത് ചെയ്തു? ബി.ജെ.പി അനുകൂലമായ ഏകപക്ഷീയ വികസനം മാത്രം ചെയ്തു' -എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
വിലക്കയറ്റം മൂലം രാജ്യത്തെ ജനങ്ങൾ ദുരിതം അനുഭവിക്കുകയാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. ലഖിംപൂർ കർഷക കൊലപാതകവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ ഇതുവരെ നീക്കം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും പ്രിയങ്ക ചോദിച്ചു. കേന്ദ്രത്തിലും സംസ്ഥാനത്തിലും ബി.ജെ.പി സർക്കാർ രൂപീകരിച്ചതുമുതൽ നുണകളുടെ ഒരു വലതന്നെ വിരിച്ചിരിക്കുകയാണെന്നും അവർ പറഞ്ഞു.
ഉത്തർപ്രദേശിൽ കോൺഗ്രസ് അധികാത്തിലെത്തിയാൽ കർഷകരുടെ എല്ലാ വായ്പകളും എഴുതിതള്ളുമെന്നും 20 ലക്ഷം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.