മുംബൈ: കോവിഡ് വാക്സിനായ കോവിഷീൽഡിന് നിർമാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇന്ത്യ വിലയിട്ടു കഴിഞ്ഞെങ്കിലും ആശങ്ക ബാക്കി. മൊത്തം ഉൽപാദിപ്പിക്കുന്ന വാക്സിനുകളുടെ പകുതി സംസ്ഥാനങ്ങൾക്ക് 400 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രുപക്കും അവശേഷിച്ച 50 ശതമാനം കേന്ദ്രത്തിന് 150 രൂപ നിരക്കിലും നൽകുമെന്നാണ് പ്രഖ്യാപനം.
എന്തുകൊണ്ടാകും എസ്.ഐ.ഐ ഇപ്പോൾ കോവിഷീൽഡിന് വിലയിട്ടിരിക്കുന്നത്?
18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും മേയ് ഒന്നിനുശേഷം വാക്സിൻ എടുക്കാമെന്നും അവ പൊതുവിപണിയിലും ലഭ്യമാക്കുമെന്നും കേന്ദ്ര സർക്കാറിന്‍റെ പ്രഖ്യാപനമാണ് പിന്നിൽ. സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും മാത്രമല്ല, കമ്പനികൾക്കും ഇതോടെ വാക്സിൻ സ്വന്തം ജീവനക്കാർക്ക് സ്വതന്ത്രമായി നൽകാനാകുമെന്ന് സാരം.
പക്ഷേ, ഒരു ഡോസിനാണ് എസ്.ഐ.ഐ വില പറഞ്ഞിരിക്കുന്നത്. ഓരോരുത്തരും രണ്ടു ഡോസ് എടുത്തിരിക്കണം. എന്നുവെച്ചാൽ ഇരട്ടി തുകയാകും. ആശുപത്രികൾക്ക് നൽകുന്ന തുകക്കാകില്ല അവർ വാക്സിൻ നൽകുക. ചെലവു കൂടി കൂടുേമ്പാൾ എത്രയാകും വരികയെന്ന് അടുത്ത ദിവസങ്ങളിൽ അറിയാനാകും.
44 വയസ്സിനും 18നുമിടയിലുള്ളവർ മുൻഗണനാ പട്ടികയിലില്ലാത്തതിനാൽ അവർ വാക്സിന് തുക ഒടുക്കേണ്ടിവരും. സാമ്പത്തികമായി പിന്നാക്കമുള്ളവർക്ക് സർക്കാറുകൾ സൗജന്യമാക്കാമെങ്കിലും മറ്റുള്ളവർ അത് നൽകണം. എത്രയാണെന്നത് ഓരോ ആശുപത്രിയും നിശ്ചയിക്കുമോ അതോ സർക്കാർ തന്നെ തീരുമാനിക്കുമോ എന്നേ അറിയാനുള്ളൂ. 45 വയസ്സിനു മുകളിലുള്ളവർ സ്വകാര്യ ആശുപത്രിയിൽനിന്ന് പണംകൊടുത്ത് ചെയ്താൽ പോലും ഇളവ് ലഭിക്കും.
കോവിഷീൽഡിനൊപ്പം രാജ്യത്തുടനീളം ലഭ്യമായ ഭാരത് ബയോടെക്കിന്‍റെ കോവാക്സിനു പക്ഷേ, വില പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ രണ്ടു ഡോസ് വാക്സിനാണെങ്കിലും മൂന്നാം ഡോസ് കൂടി ഗവേഷണത്തിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വിദേശ കമ്പനികളായ റഷ്യയുടെ സ്പുട്നിക് അഞ്ച് മേയ് അവസാനത്തോടെ രാജ്യത്ത് ലഭ്യമാകും. പക്ഷേ, എത്രയാകും വിലയെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലാബ് ആണ് ഇവ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നത്.
അമേരിക്കൻ കമ്പനികളായ ജോൺസൺ ആന്‍റ് ജോൺസൺ, മോഡേണ, ഫൈസർ എന്നിവ ഇനിയും ഇന്ത്യയിൽ വിപണി തുറക്കുന്നത് തീരുമാനിച്ചിട്ടില്ല. അതിനാൽ ഇവയുടെ വിലയും അറിയാനിരിക്കുന്നതേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.