നിങ്ങളുടെ വസ്ത്രം നിങ്ങളുടെ തീരുമാനമാണ്, ഉത്തരവാദിത്തമാണ്; ഹിജാബിൽ രാഹുൽ ഗാന്ധി

ന്യൂഡൽഹി: സ്ത്രീകൾ തെരഞ്ഞെടുക്കുന്ന ഹിജാബ് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ബഹുമാനിക്കപ്പെടേണ്ടതാണെന്നും ഒരാൾ എന്ത് ധരിക്കണമെന്ന് മറ്റൊരാൾ നിർദ്ദേശിക്കരുതെന്നും കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ഉത്തർപ്രദേശിലെ അലിഗഡ് മുസ്ലിം സർവകലാശാലയിലെ വിദ്യാർഥിനികളുമായി സംവദിക്കവെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

ആശയ വിനിമയത്തിനിടെ കർണാടകയിൽ അടുത്തിടെ നടന്ന ഹിജാബ് വിവാദത്തെക്കുറിച്ച് ഒരു പെൺകുട്ടി പരാമർശിക്കുകയും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാണെങ്കിൽ അതിനെക്കുറിച്ചുള്ള കാഴ്ചപ്പാട് എങ്ങനെയാകുമെന്ന് ചോദിക്കുകയും ചെയ്തു. അതിന് മറുപടിയായാണ് രാഹുൽ തന്‍റെ അഭിപ്രായം പങ്കുവെച്ചത്.

"ഒരു സ്ത്രീ എന്ത് ധരിക്കണം എന്നത് അവരുടെ തീരുമാനമാണ്. അതിന് അനുവദിക്കണം. ഇതാണ് എന്‍റെ അഭിപ്രായം. നിങ്ങൾ എന്ത് ധരിക്കണം എന്നത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. നിങ്ങളുടെ തീരുമാനമാണ്. എന്ത് ധരിക്കണമെന്ന് മറ്റാരും തീരുമാനിക്കണമെന്ന് ഞാൻ കരുതുന്നില്ല," -അദ്ദേഹം പറഞ്ഞു.

അടുത്തിടെ രാജസ്ഥാനിൽ സർക്കാർ സ്‌കൂൾ വിദ്യാർഥികൾ ഹിജാബ് ധരിച്ചതിനെച്ചൊല്ലി സംഘർഷം ഉടലെടുത്തിരുന്നു. 2022 ജനുവരിയിൽ കർണാടകയിലെ ഉഡുപ്പിയിലെ കോളേജിലെ ചില മുസ്ലീം വിദ്യാർഥികൾക്ക് ഹിജാബ് ധരിച്ചതിൻ്റെ പേരിൽ പ്രവേശനം നിഷേധിച്ചത് വിവാദമായിരുന്നു. സംഭവം സംസ്ഥാനത്തുടനീളം വ്യാപകമായ പ്രതിഷേധത്തിനും പ്രത്യാക്രമണത്തിനും ഇടയാക്കി. കഴിഞ്ഞ വർഷം ഒക്ടോബറിൽ കർണാടകയിലെ കോൺഗ്രസ് സർക്കാർ മത്സര പരീക്ഷകളിൽ വിദ്യാർഥികൾക്ക് ഹിജാബ് ധരിക്കാൻ അനുമതി നൽകിയിരുന്നു.

Tags:    
News Summary - 'What you wear is your decision, your responsibility': Rahul Gandhi on hijab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.