ബംഗളൂരു: തെരുവ് പശുക്കളെ സംരക്ഷിക്കുന്നതിനായി നിർമിക്കാമെന്നേറ്റ 15 ഗോശാലകൾ എപ്പോൾ നിർമിക്കുമെന്ന് വ്യക്തമാക്കണമെന്ന് കർണ്ണാടക സർക്കാറിനോട് ഹൈകോടതി. ഇത് സർക്കാറിന്‍റെ പഞ്ചവത്സര കർമ പദ്ധതിയിലുള്ളതാണോയെന്നും ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി ചോദിച്ചു. കോടതിനിയമ സേവന കമ്മിറ്റി സമർപ്പിച്ച പൊതു താൽപര്യ ഹരജി പരിഗണിക്കുമ്പോഴാണ് ഇക്കാര്യം ചോദിച്ചത്.
ഈ വർഷം ആഗസ്റ്റ് ഒന്നിന് മുമ്പായി ഗോശാലകൾ നിർമിക്കുമെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബോമ്മെ പറഞ്ഞിരുന്നത്.
അഞ്ച് ഗോശാലകൾ ജൂലൈ 15ന് മുമ്പായും പത്തെണ്ണം ആഗസ്റ്റ് ഒന്നിനും തുടങ്ങുമെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു. സ്ഥലം ഏറ്റെടുക്കാൻ കഴിയാതിരുന്ന ബംഗളൂരുവിലൊഴികെ മറ്റ് 29 ജില്ലകളിലും ഗോശാലകൾ പണിതിട്ടുണ്ട്. കുഴൽക്കിണർ വഴി ജലസൗകര്യം ഏർപ്പാടാക്കിയിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.
ജില്ലാതല കമ്മിറ്റികളെ പദ്ധതിയുടെ മേൽനോട്ടം ഏൽപ്പിച്ചിട്ടുണ്ട്. സ്വകാര്യ ഏജൻസികൾ നടത്തുന്ന 197 ഗോശാലകൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നും വ്യക്തമാക്കി.
താലൂക്ക്, ഗ്രാമ തലത്തിൽ ഗോശാല ഉണ്ടാകേണ്ടത് ആവശ്യമാണെന്നും ജില്ലയിൽ ഒരു ഗോശാല വീതം ഉണ്ടായാൽ തെരുവ് പശുക്കൾ കുറയുമെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.