ബിൽക്കീസ് ബാനു കേസ്: 'നല്ല നടപ്പിന്' വിട്ടയച്ചത് പരോളിലിരിക്കെ ലൈംഗികാതിക്രമത്തിന് അറസ്റ്റിലായ പ്രതിയെ

ന്യൂഡൽഹി: ജയിലിലെ 'നല്ല പെരുമാറ്റ'ത്തിന്‍റെ അടിസ്ഥാനത്തിൽ ഗുജറാത്ത് സർക്കാർ വിട്ടയച്ച ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളിലൊരാൾ രണ്ട് വർഷം മുമ്പ് പരോളിലായിരിക്കെ സ്ത്രീക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് അറസ്റ്റിലായിരുന്നെന്ന് രേഖകൾ. ഗുജറാത്ത് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

57കാരനായ ചിമൻലാൽ ഭട്ട് എന്ന പ്രതിയാണ് പരോളിലായിരുന്നപ്പോഴും കുറ്റകൃത്യത്തിലേർപ്പെട്ടത്. 2020 ജൂൺ 20ന് ഗുജറാത്തിലെ രൺദിക്പൂർ പൊലീസാണ് ഇയാളെ ഐ.പി.സി 354, 504, 506 (2) വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. ഇയാൾക്ക് 954 ദിവസം പരോൾ ലഭിക്കുകയും ചെയ്തതായി സർക്കാർ വ്യക്തമാക്കിയിരുന്നു. 2020ൽ ഇയാൾക്കെതിരെ കേസെടുത്തതിന് ശേഷവും 281 ദിവസം പ്രതി പുറത്തായിരുന്നു.


ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാർ നടപടിയെ സി.ബി.ഐയും പ്രത്യേക കോടതിയും എതിർത്തിട്ടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിക്കുകയായിരുന്നെന്ന വിവരവും പുറത്തുവന്നിരുന്നു. ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബത്തെയാകെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികളെയാണ് ശിക്ഷാ കാലാവധി പൂർത്തിയാക്കും മുമ്പ് ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. ഇവർ 14 വർഷമായി ജയിലിൽ കഴിയുകയാണെന്നും പെരുമാറ്റം നല്ലതാണെന്നുമാണ് വിട്ടയച്ചതിനെ കുറിച്ച് ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ വിശദീകരിച്ചത്. വിട്ടയച്ചത് കേന്ദ്രം അംഗീകരിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.




 

2022 ജൂൺ 28നാണ് 11 പേരെയും വിട്ടയക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ അനുമതി തേടിയത്. ജൂലൈ 11 ന് കേന്ദ്രസർക്കാർ അനുമതി നൽകി. തുടർന്ന് പ്രതികളെ സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് വിട്ടയച്ചു. ഇത് വ്യാപകമായ രാഷ്ട്രീയ വിമർശനങ്ങൾക്ക് ഇടവെച്ചിരുന്നു. ഇത്തരം വിടുതലുകൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. എന്നാൽ പ്രതികളെ വിട്ടയച്ച​പ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയോ എന്ന കാര്യം സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നില്ല. അതിനാൽ കേന്ദ്രത്തിന്റെ അനുമതിയില്ലാതെയാണ് വിട്ടയച്ചതെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്.

എന്നാൽ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിൽ കാലാവധി പൂർത്തിയാക്കും മുമ്പുള്ള വിടുതലിന് കേന്ദ്രം അനുമതി നൽകിയതിന്റെ രേഖകൾ സംസ്ഥാന സർക്കാർ സമർപ്പിച്ചു.

പ്രതികളെ വിട്ടയച്ചതിനെതിരായ ഹരജികൾ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി ഗുജറാത്ത് സർക്കാറിനോട് സത്യവാങ്മൂലം ആവശ്യപ്പെട്ടത്. പ്രതികൾക്ക് നൽകിയ ഇളവ് ഉത്തരവ് ഉൾപ്പെടെയുള്ള മുഴുവൻ നടപടികളും ഫയൽ ചെയ്യാൻ ഗുജറാത്ത് സർക്കാരിനോട് കോടതി ആവശ്യപ്പെടുകയായിരുന്നു.

Tags:    
News Summary - While on parole in 2020, convict in Bilkis Bano case accused in another sexual assault case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.