ന്യൂഡൽഹി: കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷയെ സംബന്ധിച്ച് കേന്ദ്ര സർക്കാറിനോട് ചോദ്യങ്ങളുന്നയിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എന്തുകൊണ്ടാണ് കശ്മീരി പണ്ഡിറ്റുകൾ ഇപ്പോഴും സുരക്ഷിതരല്ലാത്തത് എന്ന് അദ്ദേഹം ചോദിച്ചു. രാഹുൽ ഭട്ടിന്‍റെ കൊലപാതകത്തിൽ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് കെജ്രിവാളിന്റെ പ്രതികരണം. കഴിഞ്ഞ ആഴ്ചയാണ് ഗവൺമെന്‍റ് ഉദ്യോഗസ്ഥനായ രാഹുൽ ഭട്ട് ബുഡ്ഗാം ജില്ലയിലെ ചതൂരയിലെ താഹ്സിൽ ഓഫിസിൽ തീവ്രവാദികളുടെ അക്രമണത്തിൽ കൊല്ലപ്പെട്ടത്.
'കശ്മീരി പണ്ഡിറ്റുകൾ പ്രതിഷേധിച്ചെങ്കിലും അവരെ തടയുകയും മർദിക്കുകയും അവരെ വീടുകളിൽ അടച്ചിടുകയും ചെയ്യുന്നു. ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല. അവർക്കുവേണ്ടത് സുരക്ഷിതരാണെന്ന തോന്നലാണ്. അവർക്ക് സുരക്ഷിതത്വം കിട്ടിയില്ലെങ്കിൽ മറ്റുള്ളവർ എങ്ങനെ അവരുടെ വീടുകളിലേക്ക് തിരിച്ചുപോവും? ഞാൻ കേന്ദ്രത്തോട് അവരെ സംരക്ഷിക്കുവാൻ അപേക്ഷിക്കുന്നു'- കെജ്രിവാൾ പറഞ്ഞു.
രാഹുൽ ഭട്ടിന്‍റെ കൊലപാതകത്തിൽ പ്രതിഷേധം തുടരുകയാണ്. ഗന്ധെർബാൽ ജില്ലയിലെ തുൽമുല്ലയിൽ പ്രതിഷേധക്കാർ ഞങ്ങൾക്ക് നീതിവേണം എന്ന മുദ്രാവാക്യം ഉയർത്തി രംഗത്തെത്തി. ഭട്ട്ന്‍റെ കൊലപാതക കേസ് അന്വേഷിക്കാൻ അധികൃതർ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ജമ്മു-കശ്മീർ ലഫ്റ്റനന്‍റ് ഗവർണ്ണർ മനോജ് സിൻഹ ഗുപ്കർ സഖ്യത്തിന്‍റെ യോഗം വിളിച്ചുകൂട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.