ലഖ്നോ: ബോളിവുഡ് നടന്റെ നഗ്ന ഫോട്ടോഷൂട്ടിനെ ആഘോഷിക്കുന്നവർ ഹിജാബ് ധരിക്കുന്നത് സങ്കുചിതമാണെന്ന് പറയുന്നതിനെ വിമർശിച്ച് സമാജ് വാദി പാർട്ടി എം.എൽ.എ അബു ആസ്മി. നടന്‍ രണ്‍വീര്‍ സിങ്ങിന്‍റെ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അബു ആസ്മിയുടെ പ്രതികരണം. എസ്.പിയുടെ മഹാരാഷ്ട്ര യൂനിറ്റിന്‍റെ പ്രസിഡന്‍റ് കൂടിയാണ് അബു ആസ്മി.
"നഗ്നമായ ശരീരം പ്രദർശിപ്പിക്കുന്നതിനെ കലയെന്നും സ്വാതന്ത്ര്യമെന്നും വിളിക്കുന്നുവെങ്കിൽ, എന്തിനാണ് ഒരു പെൺകുട്ടി അവളുടെ ഇഷ്ടപ്രകാരം ഹിജാബ് കൊണ്ട് ശരീരം മറയ്ക്കാൻ ആഗ്രഹിക്കുന്നത് വിലക്കുന്നത്? ഹിജാബ് ധരിക്കുന്നതിനെ അടിച്ചമർത്തലും മതപരമായ വിവേചനവുമെന്ന് വിളിക്കുന്നത് എന്തിനാണ്? നഗ്നചിത്രങ്ങൾ പരസ്യമാക്കുന്നത് സ്വാതന്ത്ര്യമാണെങ്കില്‍ എന്തുകൊണ്ട് ഹിജാബ് ധരിച്ചുകൂടാ?"- എന്നായിരുന്നു ആസ്മിയുടെ ചോദ്യം.കർണാടകയിലെ ഹിജാബ് വിവാദം ചൂണ്ടിക്കാട്ടിയായിരുന്നു ആസ്മി രംഗത്തു വന്നത്.
കര്‍ണാടകയിലെ ചില കോളജുകളില്‍ ഹിജാബിന് വിലക്ക് ഏര്‍പ്പെടുത്തിയത് വലിയ പ്രതിഷേധത്തിന് കാരണമായി. കോളജിന്‍റെ യൂണിഫോം നയം ചൂണ്ടിക്കാട്ടിയാണ് ഹിജാബ് വിലക്കിയത്. 2022 മാർച്ച് 15 ന് കർണാടക ഹൈക്കോടതി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ചു. ഹിജാബ് അത്യന്താപേക്ഷിതമായ മതപരമായ ആചാരമല്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
ഒരു മാഗസിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലാണ് 37കാരനായ രണ്‍വീര്‍ സിങ് ക്യാമറയ്‌ക്ക് മുന്നിൽ നഗ്നനായത്. 1972ല്‍ കോസ്മോപൊളിറ്റന്‍ മാസികയ്ക്കായി ബര്‍ട്ട് റെയ്നോള്‍ഡ് നടത്തിയ ഫോട്ടോഷൂട്ടിനുള്ള ആദരമെന്ന നിലയിലായിരുന്നു ഇത്. ഫോട്ടോകള്‍ രണ്‍വീര്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പലരും ആവിഷ്കാര സ്വാതന്ത്ര്യമെന്ന് വിലയിരുത്തിയപ്പോൾ ഇന്ത്യൻ സംസ്കാരത്തിന് ചേർന്നതല്ലെന്ന മറുപടിയുമായും ആളുകൾ രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.