മുംബൈ: പെട്രോൾ വില ലിറ്ററിന് 63 രൂപയായപ്പോൾ ട്വിറ്ററിൽ പ്രതിഷേധവുമായി രംഗത്തെത്തിയ അമിതാഭ് ബച്ചന് ഇപ്പോൾ ലിറ്ററിന് 100 കവിഞ്ഞപ്പോൾ മിണ്ടാട്ടമില്ലേയെന്ന് കോൺഗ്രസ് മുംബൈ പ്രസിഡന്‍റ് ഭായ് ജഗ്‌താപ്. 2012ൽ യു.പി.എ ഭരണകാലത്ത് വില കൂട്ടിയപ്പോൾ ട്വീറ്റ് ചെയ്ത ബച്ചൻ എന്തുകൊണ്ടാണ് ഇപ്പോൾ ട്വീറ്റ് ചെയ്യാത്തതെന്ന് അദ്ദേഹം ചോദിച്ചു.
'ഇന്ധനവില കുതിച്ചുയരുന്നതിനെക്കുറിച്ച് ബച്ചനും അക്ഷയ് കുമാറും മുമ്പ് പ്രതിഷേധമുയർത്തിയിരുന്നു. അത് ന്യായവുമാണ്. എന്നാൽ, വില 100 രൂപ കവിഞ്ഞപ്പോൾ അവർ എന്തുകൊണ്ടാണ് മിണ്ടാതിരിക്കുന്നത്? ഒന്നും ചോദിക്കാത്തതെന്തേ?" ജഗ്‌താപ് ചോദിച്ചു.
2012മേയ് 24ന് പെട്രോളിന് 7.50 രൂപ വർധിപ്പിച്ചപ്പോഴായിരുന്നു ബച്ചന്‍റെ പ്രതിഷേധ ട്വീറ്റ്. അന്ന് ലിറ്ററിന് 63 രൂപയായാണ് ഉയർന്നത്. പെട്രോൾ പമ്പ് ജീവനക്കാരനും ഇന്ധനം നിറക്കാനെത്തിയ മുംബൈക്കാരനും തമ്മിലുള്ള സംഭാഷണമെന്ന രൂപേണയായിരുന്നു ബച്ചന്‍റെ ട്വീറ്റ്. ട്വീറ്റിന്‍റെ പൂർണ രൂപം: ''ടി. 753. പെട്രോളിന് 7.5 രൂപ വർധിച്ചിരിക്കുന്നു. പെട്രോൾ പമ്പ് ജീവനക്കാരൻ: എത്ര രൂപക്ക് അടിക്കണം? മുംബൈക്കാരൻ: സഹോദരാ, ഒരു രണ്ട് -നാല് രൂപക്ക് കാറിന്‍റെ മേലെ തളിച്ചാൽ മതി. ഇത് കത്തിച്ചു കളയാം..!!''.
T 753 -Petrol up Rs 7.5 : Pump attendent - 'Kitne ka daloon ?' ! Mumbaikar - '2-4 rupye ka car ke upar spray kar de bhai, jalana hai !!'
— Amitabh Bachchan (@SrBachchan) May 24, 2012
അന്ന് ഏറെ പേർ ഏറ്റുപിടിച്ച ട്വീറ്റ് രണ്ടാം യു.പി.എ സർക്കാറിനെതിരെ ജനവികാരം ആളിക്കത്തിക്കാൻ സഹായിച്ചിരുന്നു. നിലവിൽ ലിറ്ററിന് മിക്ക സ്ഥലങ്ങളിലും 100 രൂപ കവിഞ്ഞു. ഡീസൽ വിലയും കുതിച്ചുയരുകയാണ്. ഇന്ധന വിലക്കയറ്റത്തിനെതിരെ പ്രതികരിക്കണമെന്നാവശ്യപ്പെട്ട് നടന്മാരായ അമിതാഭ് ബച്ചൻ, അനുപം ഖേർ, അക്ഷയ് കുമാർ എന്നിവർക്ക് കത്തെഴുതിയാതായി ജഗ്‌താപ് പറഞ്ഞു. ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിലേറി ഏഴ് വർഷം പിന്നിട്ട വേളയിൽ, കേന്ദ്രത്തിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെ മുംബൈ കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.