ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എന്തിനാണ് പൊതു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അറസ്റ്റ് ചെയ്തതെന്ന ചോദ്യത്തിന് മറുപടി നൽകണമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനോട് സുപ്രീംകോടതി. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി കേസിലെ അറസ്റ്റ് ചോദ്യംചെയ്തുകൊണ്ട് കെജ്രിവാൾ സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ഇ.ഡിയെ രൂക്ഷമായി വിമർശിച്ച കോടതി, കെജ്രിവാളിനെ അറസ്റ്റ് ചെയ്ത സമയത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചുള്ള ചോദ്യത്തിന് ഇ.ഡി മറുപടി നൽകണമെന്ന് നിർദേശിച്ചു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നടപടികളൊന്നും എടുത്തിട്ടില്ലെന്നും കെജ്രിവാളിന് കേസിൽ നേരിട്ട് പങ്കുണ്ടെന്നതിന് ഒരു തെളിവുമില്ലെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകൻ അഭിഷേക് മനു സിങ്വി ചൂണ്ടിക്കാട്ടി.
അഞ്ച് മൊഴികളല്ലാതെ കെജ്‌രിവാളിനെതിരേ മറ്റൊന്നുമില്ലെന്ന് അഭിഷേക് മനു സിങ്വി കോടതിയിൽ പറഞ്ഞു. 2022 ഡിസംബര്‍ മുതല്‍ 2023 ജൂലൈവരെ കെജ്രിവാളിനെതിരേ ഒരു മൊഴിപോലുമില്ല. ജൂലൈയില്‍ ഒരാള്‍ കസ്റ്റഡിയില്‍ കെജ്രിവാളിനെതിരേ മൊഴി നല്‍കുന്നു. മാര്‍ച്ച് 21ന് കെജ്‌രിവാളിനെ അറസ്റ്റുചെയ്യുന്നു -അദ്ദേഹം പറഞ്ഞു. കേസിൽ വാദം കേൾക്കൽ വെള്ളിയാഴ്ച തുടരും.
മാർച്ച് 21നാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. വിചാരണ കോടതി അദ്ദേഹത്തെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. പിന്നീട് ഇത് രണ്ട് തവണയായി മേയ് ഏഴ് വരെ നീട്ടിയിരിക്കുകയാണ്. നിലവിൽ തിഹാർ ജയിലിലാണ് കെജ്‌രിവാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.