കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ആഭ്യന്തര കലഹത്തിൽ പരസ്പരം പോരടിച്ച് എം.എൽ.എമാർ. വെള്ളിയാഴ്ച ഒരു തൃണമൂൽ എം.എൽ.എ മറ്റൊരു എം.എൽ.എ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നു. എം.എൽ.എയുടെ എല്ലൊടിക്കുമെന്നായിരുന്നു വിഡിയോയിലെ പരാമർശം.
ടെലിവിഷൻ ചാനലുകളിൽ വൻതോതിൽ പ്രചരിച്ച വിഡിയോയിൽ ഭരത്പുരിലെ തൃണമൂൽ എം.എൽ.എ ഹുമയൂൺ കബീർ പാർട്ടി പരിപാടിക്കിടെ ഭീഷണി മുഴക്കുന്നത് കാണാം.
'റെജിനഗർ എം.എൽ.എ രബിയുൾ ആലം ചൗധരി അഹങ്കാരിയാണെന്നതിൽ സ്വയം അഭിമാനിക്കുന്നു. നിങ്ങൾ എന്‍റെ പാത മുറിച്ചുകടക്കാൻ ശ്രമിച്ചാൽ ഒരു പാഠം ഞാൻ പഠിപ്പിക്കും. നിങ്ങളുടെ എല്ല് ഞാൻ ഒടിക്കും' -എന്നായിരുന്നു ഹുമയൂണിന്‍റെ പരാമർശം.
ഭരത്പുരിലെ മുതിർന്ന പാർട്ടി പ്രവർത്തകരിൽ ഒരാളാണ് ഹുമയൂൺ. കോൺഗ്രസ് വിട്ട് തൃണമൂലിലെത്തിയയാളാണ് ഇദ്ദേഹം.
വിഡിയോ ദൃശ്യങ്ങൾ വൈറലായതോടെ ഹുമയൂണിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചതായി തൃണമൂൽ ജനറൽ സെക്രട്ടറി പാർഥ ചാറ്റർജി പറഞ്ഞു.
ഹുമയൂണിന്‍റെ ഭീഷണിക്കെതിരെ ആലം ചൗധരി എം.എൽ.എയും രംഗത്തെത്തി. 'ഞാനും നിങ്ങളും ഒരേ പാർട്ടിയിൽ പ്രവർത്തിക്കുന്നവരാണ്. നിങ്ങൾ വെള്ളത്തിൽ ജീവിക്കുന്നയാളാണെങ്കിൽ മുതലയുമായി പോരിനിറങ്ങരുത്' -എന്നായിരുന്നു എം.എൽ.എയുടെ പ്രതികരണം.
സംഭവത്തെക്കുറിച്ച് മുതിർന്ന നേതൃത്വത്തിനെ കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും മമത ബാനർജിയുടെ വിശ്വസ്തനായ അനുയായിയെന്ന നിലയിൽ പാർട്ടി തീരുമാനിക്കുന്നത് അനുസരിക്കുമെന്നും ചൗധരി കൂട്ടിച്ചേർത്തു.
ദീർഘകാലമായി തുറന്ന പോരിലായിരുന്നു ഇരു എം.എൽ.എമാരും. പാർട്ടി മുന്നിട്ടിറങ്ങി അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും വിജയം കണ്ടിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.