ബംഗളൂരു: 2023ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ ബസവരാജ് ബൊമ്മൈക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായേക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിനോട് അനുബന്ധിച്ചാണ് ചർച്ചകൾ സജീവം.
സംസ്ഥാനത്ത് നാടകീയ സംഭവങ്ങൾ അരങ്ങേറിയേക്കാമെന്ന് ബി.ജെ.പി വൃത്തങ്ങളും പറയുന്നു. തിങ്കളാഴ്ച വൈകിട്ട് അമിത് ഷാ ബംഗളൂരുവിലെത്തും. അടുത്തിടെ കാബിനറ്റ് വിപുലീകരണമുണ്ടാകുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. കാബിനറ്റ് വിപുലീകരണത്തിനൊപ്പം നേതൃമാറ്റവുമുണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചന.
'എല്ലായിടത്തും ഇത് സംഭവിക്കുമെന്ന് ഞാൻ ഉറപ്പുനൽകുന്നില്ല, എന്നാൽ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത തീരുമാനങ്ങളെടുക്കാൻ ബി.ജെ.പിക്ക് കഴിയും. ഗുജറാത്തിൽ മുഖ്യമന്ത്രിയെ മാറ്റിയതിനൊപ്പം മന്ത്രിസഭ മുഴുവനും അഴിച്ചുപണി നടത്തി. പരാതികൾ കാരണമല്ല, പുതുമ നൽകുകയെന്നതാണ് ഇതിന്റെ ഉദ്ദേശം' -പാർട്ടിയുടെ മുതിർന്ന നേതാക്കളിലൊരാളായ ബി.എൽ. സന്തോഷ് പറഞ്ഞു.
ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയും പകരം ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുകയും ചെയ്ത് ഒരു വർഷം തികയുംമുമ്പാണ് ബി.ജെ.പി നേതാക്കളുടെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന പ്രതികരണങ്ങളോട് ബൊമ്മൈ പ്രതികരിക്കാൻ തയാറായിട്ടില്ല. എന്നാൽ മന്ത്രിസഭ പുനസംഘടിപ്പിക്കാനുള്ള തീരുമാനം ഉടൻ എടുത്തേക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.