ന്യൂഡൽഹി: ഒളിമ്പിക്സ് വനിത ഗുസ്തിയിൽ ഫൈനലിലെത്തിയ വിനേഷ് ഫോഗട്ടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിക്കുമോയെന്ന ചോദ്യവുമായി കോൺഗ്രസ്. കഴിഞ്ഞ ദിവസം രാത്രി ക്യൂബൽ താരത്തെ തോൽപിച്ച് വിനേഷ് ഫോഗട്ട് വനിത ഗുസ്തിയിൽ ഫൈനലിൽ എത്തിയതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് എക്സിൽ ചോദ്യവുമായി രംഗത്തെത്തിയത്.
വിനേഷ് ഫോഗട്ടിന് ഗുസ്തിയിൽ സ്വർണമോ വെള്ളിയോ ഉറപ്പായിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ മോദി അവരെ അഭിനന്ദിക്കാൻ വിളിക്കുമോ?. എന്നാൽ, അഭിനന്ദിനൊപ്പം തന്നെ അവരോട് പ്രധാനമന്ത്രി ക്ഷമ ചോദിക്കുകയും വേണം. ഗുസ്തിതാരങ്ങളുടെ പ്രക്ഷോഭത്തിനിടെ ഡൽഹി പൊലീസ് നടത്തിയ മോശം പെരുമാറ്റത്തിനാണ് അവരോട് ക്ഷമ ചോദിക്കേണ്ടതെന്നും ജയ്റാം രമേശ് എക്സിൽ കുറിച്ചു.
ഒളിമ്പിക്സിൽ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വിനേഷ് ഫോഗട്ട് ഫൈനലിലെത്തിയിരുന്നു. സെമിയിൽ ക്യൂബൻ താരം യുസ്നീലിസ് ലോപസിനെ 5-0ത്തിന് വീഴ്ത്തിയാണ് വിനേഷിന്റെ ചരിത്രക്കുതിപ്പ്. ഇതോടെ ഗുസ്തിയിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും വിനേഷിനെ തേടിയെത്തി. ഫൈനലിൽ കടന്നതോടെ ഈയിനത്തിൽ ഇന്ത്യ സ്വർണമോ വെള്ളിയോ ഉറപ്പിച്ചു. ഇതുവരെ മൂന്ന് വെങ്കലമാണ് ഇന്ത്യയുടെ സമ്പാദ്യം.
പ്രീ-ക്വാർട്ടറിൽ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവും നാലുതവണ ലോക ചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ വീഴ്ത്തിയ വിനേഷ് ക്വാർട്ടറിൽ യുക്രെയ്നിന്റെ ഒക്സാന ലിവാഷിനെയും മറികടന്നാണ് സെമിയിലേക്ക് കടന്നത്.
പ്രീ-ക്വാർട്ടറിൽ ലോക ഒന്നാം റാങ്കുകാരിക്കെതിരെ നാടകീയമായായിരുന്നു ഇന്ത്യക്കാരിയുടെ ജയം. 0-2ന് പിന്നിലായിരുന്ന വിനേഷ് അവസാന സെക്കൻഡുകളിൽ മൂന്ന് പോയന്റ് പിടിച്ചാണ് ജയത്തിലെത്തിയത്. സുസാകി അപ്പീൽ നൽകിയെങ്കിലും തീരുമാനം വിനേഷിന് അനുകൂലമായിരുന്നു. ക്വാർട്ടറിൽ 7-5നാണ് യുക്രെയ്ൻ എതിരാളിയെ വീഴ്ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.