ന്യൂഡൽഹി: വഖഫ് നിയമത്തിലെ അന്യായമായ വ്യവസ്ഥകളെ എതിർക്കാൻ ബിഷപ്പുമാർക്കും മതനേതാക്കൾക്കും ഒപ്പം തന്റെ പാർട്ടി ഉറച്ചുനിൽക്കുകയാണെന്ന് കേരള കോൺഗ്രസ്-എം നേതാവ് ജോസ് കെ. മാണി രാജ്യസഭയിൽ പ്രഖ്യാപിച്ചു.
മുനമ്പം വിഷയം പരിഹരിക്കുമെന്ന വാക്ക് ആത്മാർഥമമാണെങ്കിൽ സർക്കാർ കൊണ്ടുവരുന്ന നിയമഭേദഗതിക്ക് മുൻകാല പ്രാബല്യം നൽകണമെന്നും കേരള കോൺഗ്രസ്-എം നേതാവ് ജോസ് കെ. മാണി രാജ്യസഭയിൽ ആവശ്യപ്പെട്ടു. സർക്കാറിന്റെ ഉദ്ദേശ്യം നോക്കുമ്പോൾ താൻ ആത്യന്തികമായി വഖഫ് ബില്ലിനെ എതിർക്കുകയാണെന്ന് പറഞ്ഞ ശേഷമാണ് ബില്ലിലെ വിവാദ വ്യവസ്ഥ മുൻകാല പ്രാബല്യത്തിൽ നടപ്പാക്കണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടത്.
മുനമ്പം വിഷയം പരിഹരിക്കാൻ കൊണ്ടുവന്നുവെന്ന് കേന്ദ്ര സർക്കാർ പറയുന്ന വ്യവസ്ഥ പുതുതായി വരുന്ന കേസുകൾക്ക് മാത്രമാണ് ബാധകം. മറിച്ച് നിലവിൽ കോടതികളിലും ട്രൈബ്യൂണലുകളിലുമുള്ള കേസുകൾക്ക് ബാധകമല്ല. അതിനാൽ ഈ വ്യവസ്ഥക്ക് മുൻകാല പ്രാബല്യം നൽകണമെന്നും
ഏത് ഭൂമിയും കൈവശപ്പെടുത്താൻ അധികാരമുള്ള അത്യസാധാരണമായ സ്വയംഭരണാവകാശമാണ് നിലവിൽ വഖഫ് ബോർഡുകൾ രാജ്യത്ത് അനുഭവിക്കുന്നതെന്ന ബി.ജെ.പിയുടെ ആരോപണം ജോസ് കെ. മാണിയും ആവർത്തിച്ചു. കേരളത്തിലെ മുനമ്പം കേസിൽ ഇത് വ്യക്തമാണെന്നും ജോസ് കെ. മാണി പറഞ്ഞു. വിവിധ മതക്കാരായ ഏകദേശം 610 കുടുംബങ്ങൾപ വഖഫ് അവകാശവാദത്തെ തുടർന്ന് അവരുടെ ഭൂമി നഷ്ടപ്പെടുന്ന ഭീഷണിയിലാണ്. നിയമപരമായി രജിസ്റ്റർ ചെയ്ത ഭൂമിയിൽ നികുതിയടച്ച് തലമുറകളായി സമാധാനപൂർവം ജീവിച്ചവരാണ് ഈ സമുദായങ്ങൾ. എന്നിട്ടും വഖഫ് ബോർഡിന്റെ ഏകപക്ഷീയമായ അവകാശവാദം അവരുടെ വീടുകളും ജീവനോപാധികളും ഭീഷണിയിലാക്കിയിരിക്കുകയാണ് എന്ന് ജോസ് കെ മാണി പറഞ്ഞപ്പോൾ അതിനെ പിന്തുണച്ച് ബി.ജെ.പി ബെഞ്ചുകളിൽ നിന്ന് ഷെയിം വിളികളുയർന്നു.
നിലവിലുള്ള കേസുകൾക്കും പ്രസ്തുത വ്യവസ്ഥ ബാധകമാക്കുന്ന തരത്തിൽ ഒരു ഭേദഗതി പുതിയ ബില്ലിൽ കൂട്ടിച്ചേർക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു. വഖഫ് ബില്ലിന് മുൻകാല പ്രാബല്യമില്ലെന്ന് ലോക്സഭയിൽ പറഞ്ഞ മന്ത്രി മുനമ്പത്തെയും സമാന സ്ഥലങ്ങളിലെയും പ്രശ്നം നിലവിലുള്ള ഭേദഗതിയിലൂടെ പരിഹരിക്കണം. മുനമ്പം വിഷയം പരിഹരിക്കുമെന്ന വാക്ക് ആത്മാർഥമമാണെങ്കിൽ സർക്കാർ കൊണ്ടുവരുന്ന നിയമഭേദഗതിക്ക് മുൻകാല പ്രാബല്യം നൽകണം. വഖഫ് ബോർഡിന്റെ ഏകപക്ഷീയമായ ഭൂമി ഏറ്റെടുക്കൽ തടയുന്നതിനുള്ള പരിഷ്കരണത്തെ അനുകൂലിക്കുന്നതിനൊപ്പം അമുസ്‍ലിംകളെ വഖഫ് ബോർഡിൽ അംഗമാക്കുന്നതിനെ ശക്തമായി എതിർക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.