ശൈഖ് ഹസീനക്ക് അഭയം: കേന്ദ്ര സർക്കാർ എന്ത് തീരുമാനിച്ചാലും പിന്തുണക്കുമെന്ന് മമത ബാനർജി

കൊൽക്കത്ത: ബംഗ്ലാദേശ് പ്രധാനമന്ത്രി പദം രാജിവെച്ച് ഇന്ത്യയിലെത്തിയ ശൈഖ് ഹസീനക്ക് അഭയം നൽകുന്നതിനോട് പ്രതികരിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്ര സർക്കാർ എന്ത് തീരുമാനമെടുത്താലും പൂർണമായി പിന്തുണക്കുമെന്ന് മമത ബാനർജി വ്യക്തമാക്കി.

രാജ്യത്ത് സമാധാനം നിലനിർത്താൻ ബംഗാളിലെ ജനങ്ങളോട് മമത അഭ്യർഥിച്ചു. ഒരു തരത്തിലുള്ള കിംവദന്തികൾക്കും ശ്രദ്ധ കൊടുക്കരുത്. ഇത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള വിഷയമാണ്. കേന്ദ്ര സർക്കാർ എന്ത് തീരുമാനമെടുത്താലും ഞങ്ങൾ പിന്തുണക്കുമെന്നും മമത പറഞ്ഞു.

'നിലവിലെ പ്രശ്‌നത്തെ എങ്ങനെ സമീപിക്കണമെന്ന് ഇന്ത്യ ഗവൺമെന്‍റ് തീരുമാനിക്കും. ബംഗാളിലോ രാജ്യത്തോ സമാധാനം തകർക്കുന്ന പ്രകോപനപരമായ അഭിപ്രായങ്ങൾ പറയുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളോട് അഭ്യർഥിക്കുന്നു. ചില ബി.ജെ.പി നേതാക്കൾ ഇതിനോടകം അഭിപ്രായം പറഞ്ഞിട്ടുണ്ട്. അത് ചെയ്യാൻ പാടില്ല' -മമത ബാനർജി വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബംഗ്ലാദേശിൽ നടന്ന പ്രതിഷേധങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നമ്മുടെ രാജ്യം സുരക്ഷിതമാണെന്ന് വിശ്വസിക്കുന്നതിനാലാണ് ശൈഖ് ഹസീന ഇന്ത്യയിൽ വന്നതെന്ന് മാധ്യമങ്ങളിൽ നിന്ന് നമ്മൾ കേൾക്കുന്നു.

പശ്ചിമ ബംഗാൾ ബംഗ്ലാദേശുമായി സാംസ്കാരികവും ഭാഷാപരവുമായ ബന്ധം പങ്കിടുന്നുണ്ട്. എത്രയും വേഗം സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ വിഷയത്തിൽ ആവശ്യമെങ്കിൽ നമ്മുടെ പ്രധാനമന്ത്രി തീർച്ചയായും ഇടപെടുമെന്നും മമത ബാനർജി ചൂണ്ടിക്കാട്ടി.

ബംഗ്ലാദേശിന്‍റെ 1971ലെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത വിമുക്തഭടന്മാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയുടെ 30 ശതമാനം സംവരണം ചെയ്ത വിവാദ ക്വോട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ തുടർച്ചയാണ് കലാപമായി മാറിയത്. സുപ്രീംകോടതി ഇടപെട്ട് സംവരണ ക്വോട്ട റദ്ദാക്കിയെങ്കിലും തുടർചർച്ചക്കുള്ള ശൈഖ് ഹസീനയുടെ ക്ഷണം പ്രതിഷേധക്കാർ നിരാകരിക്കുകയും സർക്കാറിന്‍റെ രാജിക്കായി ഒന്നിച്ച് രംഗത്തിറങ്ങുകയുമായിരുന്നു.

പ്രധാനമന്ത്രിയുടെ രാജിയും സംവരണ പരിഷ്കരണ പ്രതിഷേധവുമായി ബന്ധപ്പെട്ട് സമീപകാല അക്രമങ്ങളിൽ കൊല്ലപ്പെട്ടവർക്ക് നീതിയും ആവശ്യപ്പെട്ട് ‘വിവേചന വിരുദ്ധ വിദ്യാർഥി പ്രസ്ഥാന’ത്തിന്‍റെ നേതൃത്വത്തിൽ തിങ്കളാഴ്ച നടത്തിയ ‘മാർച്ച് ടു ധാക്ക’യാണ് വൻ കലാപമായി മാറിയത്. എന്നാൽ, പ്രതിഷേധം നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെ ശൈഖ് ഹസീനയോട് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാൻ സേനാ മേധാവി അന്ത്യശാസനം നൽകി. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി പദം രാജിവെച്ച് ശൈഖ് ഹസീനയും സഹോദരി ശൈഖ് രഹിനയും വിമാനമാർഗം ഇന്ത്യയിലെത്തിയത്. 

Tags:    
News Summary - "Will support central government's decision": Bengal CM Mamata Banerjee on political crisis in Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.