ന്യൂഡൽഹി: വോട്ടിങ് യന്ത്രങ്ങളുടെ ദുരുപയോഗത്തിൽ ആശങ്ക പങ്കുവെച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. തെരഞ്ഞെടുപ്പിലെ ക്രമക്കേടിനെ കുറിച്ചും ബാലറ്റ് സമ്പ്രദായം തിരികെ കൊണ്ടുവരുന്നതിനെ കുറിച്ചുള്ള പ്രതിപക്ഷത്തിന്‍റെ അഭിപ്രായങ്ങൾ കേൾക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇൻഡ്യ മുന്നണി തെരഞ്ഞെടുപ്പ് കമീഷനിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി കൂടികാഴ്ചക്ക് ശ്രമിക്കുന്നുണ്ടെന്നും എന്നാൽ അവർ തിരക്കിലാണെന്നും പ്രതിപക്ഷത്തെ കാണാൻ പോലും സമയമില്ലെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
"ഇൻഡ്യ മുന്നണിയിലെ രാഷ്ട്രീയ പാർട്ടികൾ ഓഗസ്റ്റ് മുതൽ തെരഞ്ഞെടുപ്പ് കമീഷനോട് അപ്പോയിന്റ്മെന്റ് ചോദിക്കുന്നു. പക്ഷേ അവർ തിരക്കിലാണ്. പ്രതിപക്ഷത്തെ കാണാൻ പോലും അവർക്ക് സമയമില്ല. തെരഞ്ഞെടുപ്പ് കമീഷൻ എപ്പോഴും പറയുന്നത് വോട്ടിങ് യന്ത്രത്തിൽ സുപ്രീം കോടതിയുടെ തീരുമാനമെന്നാണ്. ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് ഇത് മനസ്സിലാക്കുമോ, തെരഞ്ഞെടുപ്പ് കമീഷൻ പറയുന്നനുസരിച്ച് അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് പോലും വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം ലഭിക്കില്ലെന്നാണോ? ഇതിൽ നീതി എവിടെ" അദ്ദേഹം ചോദിച്ചു.
സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും മുൻ, ആം ആദ്മി പാർട്ടി നേതാവുമായ പ്രശാന്ത് ഭൂഷനും വോട്ടിങ് യന്ത്രം വഴി തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് സമാനമായ ആശങ്കകൾ പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.