വിജയനഗരം: 2019 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ സി. ചന്ദ്രബാബു നായിഡുവിനെ എൻ.ഡി.എയിലേക്ക് തിരിച്ചെടുക്കില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. വിജയനഗരത്തിൽ പാർട്ടി പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചന്ദ്രബാബു നായിഡു ഒരു ‘യു ടേൺ’ മുഖ്യമന്ത്രിയാണെന്നും അമിത് ഷാ പരിഹസിച്ചു. ചന്ദ്രബാബു നായിഡുവിന്‍െറ രാഷ്ട്രീയ ജീവിതം ഉദ്ധരിച്ചായിരുന്നു ഷായുടെ പരാമർശം. കോൺഗ്രസ് അധികാരത്തിലിരിക്കുമ്പാൾ അവിടെയായിരുന്നു ചന്ദ്രബാബു നായിഡുവിന്‍െറ രാഷ്ട്രീയ പ്രവർത്തനത്തിന്‍െറ ആരംഭം. എന്നാൽ കോൺഗ്രസ് പരാജയപ്പെട്ടപ്പോൾ അയാൾ എൻ.ടി. രാമറാവുവിന്‍െറ ടി.ഡി.പിയിൽ ചേർന്നു.
എന്നാൽ, അവസരം കിട്ടിയപ്പോൾ രാമറാവുവിനെ പിന്നിൽ നിന്ന് കുത്തി അദ്ദേഹത്തിന്‍െറ പാർട്ടിയെ കൈക്കലാക്കി. വാജ്പേയ് അധികാരത്തിലിരിക്കുമ്പോൾ നായിഡു എൻ.ഡി.എയുമായി ചേർന്ന് പ്രവർത്തിച്ചു. 2004ൽ അധികാരം നഷ്ടപ്പെട്ടപ്പോൾ എൻ.ഡി.എ വിട്ടയാളാണ് നായിഡുവെന്നും അമിത് ഷാ പറഞ്ഞു.
പത്ത് വർഷത്തോളം ഒരു മുന്നണിയിലും ചേരാതെ പ്രവർത്തിച്ച് അവസാനം നരേന്ദ്രമോദിയുടെ സഹായമില്ലാതെ അധികാരം കിട്ടില്ല എന്ന ബോധം വന്നതോടെ എൻ.ഡി.എയിലേക്ക് വീണ്ടും വരികയായിരുന്നു. വൈകാതെ തെലങ്കാന തെരഞ്ഞെടുപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് എൻ.ഡി.എ വിട്ട് വീണ്ടും കോൺഗ്രസിനൊപ്പം നിന്നു. തെലങ്കാന സംസ്ഥാന രൂപീകരണത്തിന് ശേഷം കോൺഗ്രസ് വിട്ട നായിഡു ഇപ്പോൾ മഹാഘട്ബന്ധനിൽ ചേർന്നിരിക്കുകയാണെന്നും ഇത് തെലുങ്ക് ജനതക്ക് അപമാനമാണെന്നും ഷാ ചൂണ്ടിക്കാട്ടി.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാൽ നായിഡു വീണ്ടും ബി.ജെ.പിയിലേക്ക് വരാൻ തയാറാവുമെന്നും എന്നാൽ എൻ.ഡി.എയിലേക്കുള്ള തിരിച്ചുവരവിന് ഒരവസരവും ഒരുക്കില്ലെന്നും അമിത് ഷാ ചടങ്ങിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.