നാഗ്പൂർ: തനിക്ക് കോൺഗ്രസിൽ ചേരാൻ ക്ഷണം ലഭിച്ചിരുന്നതായി മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിയുടെ വെളിപ്പെടുത്തൽ. കോൺഗ്രസിൽ അംഗത്വമെടുക്കുന്നതിനേക്കാളും നല്ലത് കിണറ്റിൽ ചാടി മരിക്കുന്നതാണെന്നും ഗഡ്കരി അഭിപ്രായപ്പെട്ടു. 60 വർഷം ഇന്ത്യ ഭരിച്ച കോൺഗ്രസിനെ അപേക്ഷിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ബി.ജെ.പിക്ക് സാധിച്ചുവെന്നും ഗഡ്കരി അവകാശപ്പെട്ടു.
മോദിസർക്കാർ അധികാരത്തിൽ വന്നിട്ട് ഒമ്പതു വർഷം തികഞ്ഞതിനോടനുബന്ധിച്ച് മഹാരാഷ്ട്രയിലെ ബന്ദാരയിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയിലെ തന്റെ ആദ്യകാല പ്രവർത്തനങ്ങളെയും അദ്ദേഹം ഓർത്തെടുത്തു.
''അക്കാലത്താണ് കോൺഗ്രസ് നേതാവ് ശ്രീകാന്ത് ജിച്കർ എന്നെ കോൺഗ്രസിലേക്ക് ക്ഷണിച്ചത്. നിങ്ങൾ മികച്ച പാർട്ടി പ്രവർത്തകനും നേതാവുമാണെന്നും കോൺഗ്രസിൽ ചേരുകയാണെങ്കിൽ ശോഭനമാർന്ന ഭാവിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോൺഗ്രസിൽ ചേരുന്നതിനെക്കാൾ നല്ലത് കിണറ്റിൽ ചാടി മരിക്കുന്നതാണ് എന്നായിരുന്നു എന്റെ മറുപടി. കാരണം ബി.ജെ.പിയിൽ എനിക്ക് അത്രക്ക് വിശ്വാസമുണ്ടായിരുന്നു. ബി.ജെ.പിയുടെ ആശയം തന്നെയാണ് അതിൽ അടിയുറച്ചു നിൽക്കാൻ കാരണമായതും.''-ഗഡ്കരി പറഞ്ഞു.
രൂപീകരിച്ചതു മുതൽ പിളർപ്പു നേരിട്ട പാർട്ടിയാണ് കോൺഗ്രസ്. നമ്മളൊരിക്കലും നമ്മുടെ ജനാധിപത്യത്തെ കുറിച്ച് മറന്നുപോകരുത്. ഭൂതകാലത്തിൽ നിന്ന് നമുക്ക് ഒരുപാട് പഠിക്കാനുണ്ട്. ഗരീബി ഹടാവോ(ദാരിദ്ര്യ നിർമാർജനം) എന്നായിരുന്നു കോൺഗ്രസിന്റെ മുദ്രാവാക്യം. എന്നാൽ വ്യക്തികളുടെ നേട്ടത്തിനായി ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുകയായിരുന്നു അവർ.-ഗഡ്കരി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.