ഗുസ്തി താരങ്ങളോട് ലൈംഗികാതിക്രമം: ബ്രിജ് ഭൂഷണിനെ ഡല്‍ഹി പൊലീസ് മൂന്നുമണിക്കൂർ ചോദ്യംചെയ്തു

ന്യൂഡൽഹി: വനിത ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ പരാതിയില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ ഡൽഹി പൊലീസ് ചോദ്യംചെയ്തു. ഡല്‍ഹി പൊലീസ് രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് വെള്ളിയാഴ്ച മൂന്നു മണിക്കൂറോളം ചോദ്യംചെയ്തത്. വനിത താരങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ ബ്രിജ് ഭൂഷണ്‍ നിഷേധിച്ചു. അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റ് സെക്രട്ടറി വിനോദ് തോമറിന്‍റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. പരാതിയില്‍ വിനോദ് തോമറിനെതിരെയും പരാമര്‍ശമുണ്ട്.

ഏഴു വനിത താരങ്ങളുടെ പരാതിയില്‍ ബ്രിജ് ഭൂഷണിനെതിരെ രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയില്‍ ഒരു എഫ്.ഐ.ആറും മറ്റുള്ളവരുടെ പരാതിയില്‍ മറ്റൊരു എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തു. ‘പോക്സോ’ കേസ് ഉള്‍പ്പെടെയാണ് ബ്രിജ് ഭൂഷണിനെതിരെ ചുമത്തിയിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട നടപടി റിപ്പോർട്ട് ഡൽഹി പൊലീസ് വെള്ളിയാഴ്ച ഡൽഹി കോടതിയിൽ ഹാജരാക്കി. ഗുസ്‌തി താരങ്ങൾ കോടതിയെ സമീപിച്ച ഘട്ടത്തിൽ ബ്രിജ് ഭൂഷണിനെതിരായ കേസിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ഡല്‍ഹി പൊലീസിനോട് കോടതി നിർദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.

കേസിന്‍റെ തുടർനടപടിക്കായി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചതായി പൊലീസ് കോടതിയെ അറിയിച്ചു. ബ്രിജ് ഭൂഷണിനെതിരെ നടപടി ആവശ്യപ്പെട്ട് ജന്തർമന്തറിൽ നടക്കുന്ന ഗുസ്തി താരങ്ങളുടെ സമരം 20 ദിവസം പിന്നിട്ടു. സമരം ചെയ്യുന്നവരുടെ ഫോൺ നിരീക്ഷണത്തിലാണെന്ന് ഗുസ്തി താരം ബജ്റങ് പുനിയ ആരോപിച്ചു.

Tags:    
News Summary - Wrestlers’ protest: Delhi Police question bjp leader Brij Bhushan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.